ചെങ്ങന്നൂർ: മദ്യപിച്ചെത്തിയ സംഘം വീട്ടമ്മയെയും കുട്ടികളെയും മർദ്ദിച്ചതായി പരാതി. സി.പി.എം ചെങ്ങന്നൂർ മാർക്കറ്റ് ബ്രാഞ്ച് സെക്രട്ടറി തിട്ടമേൽ തൈവടയിൽ ബാബുവിന്റെ ഭാര്യ ഷീജ (42), മകൻ റോഷൻ ഫിലിപ്പ് ( 17), അയൽവാസി ഉഴത്തിൽ പൊന്നച്ചന്റെ മകൻ ആൽബിൻ (16) എന്നിവർക്കാണ് മർദ്ദനമേറ്റത്. ഓട്ടോറിക്ഷ തൊഴിലാളിയും ബി.എം..എസ് നേതാവുമായ തിട്ടമേൽ പരമേശ്വരത്ത് ശ്രീകൃഷ്ണ വിലാസം വീട്ടിൽ വിബിൻ (27), സഹോദരൻ ലാൽ (25) എന്നിവർ ഉൾപ്പെട്ട സംഘത്തിനെതിരെയാണ് പരാതി. വ്യാഴാഴ്ച്ച വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം . മദ്യപിച്ച ശേഷം സമീപവാസികളായ സ്ത്രീകളെയും കുട്ടികളെയും അസഭ്യം പറയുന്നത് ചോദ്യംചെയ്ത ഷീജയെ ഇവർ ആക്രമിച്ചു. ഓടിയെത്തിയ കുട്ടികൾക്കും മർദ്ദനമേറ്റു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മാർക്കറ്റ് വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു ഷീജ. ചെങ്ങന്നൂർ പൊലീസ് സ്ഥലത്തെത്തി പ്രതികളെ പിടികൂടി.സംഭവത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ചിന് മാർക്കറ്റ് ജംഗ്ഷനിൽ ചേരുന്ന പ്രതിഷേധ യോഗം സി.പി. എം ചെങ്ങന്നൂർ ഏരിയാ സെക്രട്ടറി എം എച്ച് റഷീദ് ഉദ്ഘാടനം ചെയ്യും. അതേ സമയം സംഭവമായി ബി.എം.എസി ന് ബന്ധമില്ലെന്ന് മേഖല പ്രസിഡന്റ് മനോജ് വൈഖരി പറഞ്ഞു.