അടൂർ : ചരിത്ര പ്രസിദ്ധവും പ്രകൃതിഭംഗി നിറഞ്ഞതുമായ തുവയൂർ വടക്ക് നെടുംകുന്ന് മലയുടെ കിഴക്കേ ചരുവിൽ കെട്ടിട നിർമ്മാണത്തിനെന്ന പേരിൽ സ്വകാര്യ വ്യക്തി വൻതോതിൽ മണ്ണിടിച്ച് നിരപ്പാക്കുന്നത് തടയണമെന്ന് നെടുംകുന്ന്മല സംരക്ഷണ സമിതി ആവശ്യപ്പെട്ടു.അതീവ പ്രകൃതിലോല പ്രദേശമായ ഇവിടെ ടൂറിസം പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുന്നതിനിടെയാണ് പരിസ്ഥിതിക്ക് കനത്ത ആഘാതം ഏൽപ്പിക്കുംവിധം നിർമ്മാണ പ്രവർത്തനത്തിന്റെ മറവിൽ മണ്ണിടിച്ച് നിരപ്പാക്കുന്നത്. പൊതുവഴിമണ്ണിട്ട് തടസപ്പെടുത്തിയും നീർച്ചാലുകൾ പൂർണമായും അടക്കുകയും ചെയ്തത് കാരണം മലയിടിച്ചിലിനും ഉരുൾപൊട്ടലിനും ഇടയാക്കുമെന്നും ഇതുവഴി മലയുടെ ചരുവുകളിൽ താമസിക്കുന്ന ജനങ്ങളുടെ സുരക്ഷിതത്വത്തിന് വിഘാതം സൃഷ്ടിക്കുകയും ചെയ്യുമെന്നും സംരക്ഷണ സമിതി ചൂണ്ടിക്കാട്ടുന്നു.അതിനാൽ പ്രകൃതിയുടെ സ്വാഭാവിക സന്തുലിതാവസ്ഥയ്ക്ക് ഹാനീകരവും പ്രകൃതി ദുരന്തങ്ങൾക്ക് വഴിവയ്ക്കുന്നതുമായ നിർമ്മാണ പ്രവർത്തനം തടയണമെന്ന് ആവശ്യപ്പെട്ട് സംരക്ഷണ സമിതി ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയതായും സംരക്ഷണ സമിതി കൺവീനർ പവനൻ അറിയിച്ചു.