തിരുവല്ല: ശ്രീനാരായണ ഗുരുദേവന്റെ 93 -)മത് മഹാസമാധി ഇന്ന് എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയനിലെ ശാഖകളിലും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിക്കും. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് പ്രത്യേക നിർദ്ദേശങ്ങളോടെ ലളിതമായാണ് ചടങ്ങുകൾ നടക്കുക. കുന്നന്താനം ആർ.ശങ്കർ മെമ്മോറിയൽ 4538 ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിൽ രാവിലെ പ്രത്യേക പൂജകൾ, ഗുരുദേവ കൃതികളുടെ പാരായണം, ഗുരുഭാഗവത പാരായണം, ഉപവാസം എന്നിവയുണ്ടാകും. 3.15ന് സമാധിപൂജ, 3.30ന് പ്രസാദ വിതരണം. ശാഖാ പ്രസിഡന്റ് വിജീഷ് വിജയൻ, സെക്രട്ടറി സദാനന്ദപണിക്കർ, തന്ത്രി സന്തോഷ് ശാന്തി എന്നിവർ നേതൃത്വം നൽകും. തെങ്ങേലി 1741 ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിൽ രാവിലെ മുതൽ വിശേഷാൽ പൂജകൾ, 6.30ന് ശാന്തിഹോമം രണ്ടിന് കലശപൂജ 3.30ന് മഹാസമാധിപൂജ, പുഷ്‌പാഭിഷേകം എന്നിവയുണ്ടാകും. പെരിങ്ങര 594 ശാഖയുടെ ഗുരുവാണീശ്വരം ക്ഷേത്രത്തിൽ രാവിലെ ഗണപതിഹോമം, വിശേഷാൽ പൂജകൾ, ഗുരുപൂജ, മഹാസമാധി പൂജ എന്നിവയോടെ ആചരിക്കും.