ഇലന്തൂർ : ഗവണ്മെന്റ് കോളേജിന് സ്ഥലം ലഭ്യമാക്കിയെന്ന ആറന്മുള എം.എൽ.എ വീണാ ജോർജ്ജിന്റെ പ്രസ്താവന വില കുറഞ്ഞ രാഷ്ട്രീയ നാടകമാണെന്ന് കെ.പി.സി. സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ആരോപിച്ചു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ആറന്മുള എം.എൽ.എ ശിവദാസൻ നായർ മുൻകൈയെടുത്ത് ഏറ്റെടുത്ത സ്ഥലമാണ് 2016 ഡിസംബറിൽ നടപടികൾ ആരംഭിച്ച് ഇപ്പോൾ ഏറ്റെടുത്തുവെന്ന് എം.എൽ.എ അവകാശപ്പെടുന്നത്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് സ്ഥലം വിട്ടുനൽകി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ള സ്ഥലമാണ് ഖാദി ബോർഡിന്റേത്. നാലര വർഷം കോളേജിനായി ഒന്നും ചെയ്യാൻ ശ്രമിക്കാതിരുന്നിട്ട് ഇപ്പോൾ നിർമ്മാണ ഉദ്ഘാടനമെന്ന പ്രഹസനത്തിന് വേണ്ടിയുള്ള നീക്കമാണ് പുതിയ അവകാശവാദം. പത്തനംതിട്ടയിൽ പി.എസ്.സി ഓഫീസിന് സ്ഥലം ഏറ്റെടുത്തുവെന്നും നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും എം.എൽ.എ അവകാശപ്പെട്ടിട്ട് നാളേറെയായി. പുതിയ വാടക കെട്ടിടത്തിന് അപ്പുറം ഒരിഞ്ചു പോലും മുന്നോട്ട് പോകാൻ സാധിച്ചിട്ടില്ല. ഇലന്തൂർ ഗവണ്മെന്റ് കോളേജിന്റെ കാര്യത്തിൽ ജനങ്ങളെ പറ്റിക്കാനുള്ള വീണാ ജോർജ്ജിന്റെ ശ്രമം പത്തനംതിട്ടക്കാരുടെ ഓർമ്മയെ പരീക്ഷിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.