കോഴഞ്ചേരി : പഞ്ചായത്ത് 2700 വാർഡിൽ കെ.എസ്.എച്ച്.ബി.രാജീവ് ഗാന്ധി കോളനിയോട് ചേർന്ന് ഒഴുകുന്ന വലിയതോടിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും ഹരിതകേരളം മിഷന്റേയും നേതൃത്വത്തിൽ അവസ്ഥാപഠന യാത്ര നടത്തി. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം ഉദ്ഘാടനം ചെയ്തു. കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹൻ അദ്ധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ആർ.രാജേഷ് പദ്ധതി വിശദീകരണം നടത്തി.
പദ്ധതിയിൽപ്പെടുന്നത്
മാലിന്യങ്ങൾ വലിച്ചെറിഞ്ഞ് നീരൊഴുക്ക് തടസപ്പെട്ട നിലയിലാണ് വലിയതോടിന്റെ നിലവിലെ അവസ്ഥ.തോട്ടിലെ മാലിന്യങ്ങളും അടിഞ്ഞുകൂടിയ മണലും നീക്കം ചെയ്ത് ആഴം കൂട്ടുന്ന പ്രവർത്തനങ്ങളാണ് ഏറ്റെടുക്കുന്നത്. കോളനിയോട് ചേർന്ന് ഒഴുകുന്ന വലിയതോടിന്റെ ഇരുവശങ്ങളിലും കളട! കെട്ടി സംരക്ഷിക്കുവാനും ബാക്കി വരുന്ന ഭാഗം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വശങ്ങൾ സംരക്ഷിക്കുവാനും തീരുമാനിച്ചു.കൂടാതെ വലിയ മഴയിൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന സ്ഥലമായതിനാൽ അതിനെചെറുക്കാനായി കലുങ്ക് ഉൾപ്പെടെ നിർമ്മിച്ച് നീരൊഴുക്ക് സുഗമമാക്കുവാനുമാണ് പദ്ധതിയിടുന്നത്.
കോളനിയിൽ ജൈവമാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കും
ബ്ലോക്ക് പഞ്ചായത്ത് ധനകാര്യ കമ്മീഷൻ ഫണ്ടായ 73500 രൂപയാണ് പദ്ധതിയുടെ അടങ്കൽ തുക.ഹരിതകേരളം മിഷന്റെ മേൽനോട്ടത്തിൽ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് എൻജിനിയറിംഗ് വിംഗാണ് പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നത്. മാലിന്യ പ്രശ്‌നം ഈ കോളനിയിലും വലിയ പ്രതിസന്ധിയാണ് ഉയർത്തുന്നത്.42 കുടുംബങ്ങൾ ഉള്ള ഈ കോളനിയിൽ ഉറവിട ജൈവ മാലിന്യ സംസ്‌കരണ ഉപാധികൾ ഒന്നും തന്നെ ഇല്ലാത്തതിനാൽ ജൈവമാലിന്യ സംസ്‌കരണം വലിയ ഭീഷണിയായി നിലനിൽക്കുന്നു.കോളനിയിൽ തുമ്പൂർമുഴി ജൈവമാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുവാനും ധാരണയായി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിജിലി പി.ഈശോ, വത്സമ്മ മാത്യു, പഞ്ചായത്ത് അംഗങ്ങളായ ക്രിസ്റ്റഫർ,അഡ്വ.ശ്രീരാജ്, ബി.ഡി.ഓ രാജേഷ് കുമാർ സി.പി, ജോയിന്റ് ബി.ഡി.ഓ രമാ ദേവി ടി.ആർ, ഡോ.സിസക്കറിയ, സുധീഷ്, അലൻ തോമസ് ഫിലിപ്പ്,മഞ്ചു കെ.എം എന്നിവർ അവസ്ഥാപഠന യാത്രയ്ക്ക് നേതൃത്വം നല്കി.