തെങ്ങമം :കളഞ്ഞു കിട്ടിയ രണ്ടര പവന്റെ സ്വർണമാല ഉടമയ്ക്ക് തിരിച്ച് നൽകി വിമുക്ത ഭടൻമാതൃകയായി . കൈതയ്ക്കൽ കാർത്തിക ഭവനത്തിൽ അനിൽകുമാറാണ് കളഞ്ഞ് കിട്ടിയ മാല ഉടമക്ക് തിരിച്ചു നൽകിയത്. മണക്കല എൻജിനിയറിംഗ് കോളജിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന അനിൽ കുമാർ ജോലി കഴിഞ്ഞ് തിരിച്ച് വരവേ ഇന്നലെ രാവിലെ തോട്ടം മുക്ക് ജംഗ്ഷനിലാണ് മാല കിട്ടിയത്. തുടർന്ന് ജംഗ്ഷനിലെ കടയിൽ മാല കിട്ടിയ വിവരം അറിയിച്ച് മൊബൈൽ നമ്പരും നൽകി. പഞ്ചായത്തംഗം സി. സന്തോഷിനോടും വിവരം അറിയിക്കുകയും ചെയ്തു. അപ്പോഴേക്കും മാലയുടെ ഉടമയുടെ വിളിയെത്തി. തെങ്ങമം ഇടക്കടവിൽ പാലമുറ്റത്ത് അമ്പിളിയായിരുന്നു മാലയുടെ അവകാശി.സന്തോഷിന്റെ നിർദ്ദേശാനുസരണം അടൂർ പൊലീസ് സ്റ്റേഷനിലെത്തി സി.ഐ ബിജുവിനെ മാല ഏൽപിച്ചു. പൊലീസ് മാല അമ്പിളിയുടേതാണന്ന തെളിവ് പരിശോധിച്ചുറപ്പിച്ച് മാല കൈമാറി. പള്ളിക്കൽ പഞ്ചായത്തംഗം സി.സന്തോഷ്കുമാർ അഡീഷണൽ എസ്.ഐ.കെ.ബി അജി എന്നിവർ പങ്കെടുത്തു.കൈതയ്ക്കൽ എഫ്.എം.ജി ഹരിതശ്രീ കാർഷിക കൂട്ടയ്മയുടെ പ്രസിഡൻ്റ് കൂടിയാണ് അനിൽ കുമാർ .