മല്ലപ്പള്ളി : ഉപയോഗശൂന്യമായ പാറമടകളെ പ്രയോജനപ്പെടുത്തി ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ജില്ലാപഞ്ചായത്തും എന്റെ മണിമലയാർ ജനകീയ കൂട്ടായ്മയും സഹകരിച്ച് ജലധാര പദ്ധതി ഒരുക്കുന്നു. പാറമട ഉടമകളുടെ അനുമതിയോടെ അവയിലെ ജലം സമീപ കിണറുകൾ റീച്ചാർജ് ചെയ്യുന്നതിനും മറ്റു ആവശ്യങ്ങൾക്ക് ഉപയുക്തമാക്കുന്ന തരത്തിലുമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. കൂടാതെ മത്സ്യകൃഷിയും തുടങ്ങും.
ഡിസംബർ മുതൽ മേയ് വരെ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശമാണ് മല്ലപ്പള്ളി. വാട്ടർ അതോറിറ്റിയുടെ ജല വിതരണ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഭൂഗർഭ ജലത്തിൽ ക്രമാതീതമായി കുറവ് സംഭവിക്കുന്നത് വേനൽക്കാലത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്. ഇതിന് ഒരു പരിധിവരെ പരിഹാരമെന്നോണമാണ് ജലധാരയ്ക്ക് തുടക്കം കുറിക്കുന്നത്.
പദ്ധതിയുടെ പ്രാഥമിക വിലയിരുത്തലിനായി ഹരിത കേരള മിഷൻ ജില്ലാ കോഓർഡിനേറ്റർ ആർ.രാജേഷിന്റെ നേതൃത്വത്തിൽ പാറമടകൾ സന്ദർശിച്ചു. ജില്ലാ പഞ്ചായത്തംഗം എസ്.വി.സുബിൻ, ജോർജുകുട്ടി പരിയാരം, ഡോ.ജേക്കബ് ജോർജ്, സണ്ണി ജോൺസൺ, ടി.എം.നിധിൻ കുമാർ കാട്ടാമല, സതീഷ് കുമാർ മണിക്കുഴി, രജനി സജു, ജിജു വൈക്കത്തുശ്ശേരി എന്നിവരും ഒപ്പമുണ്ടായിരുന്നു.
പദ്ധതി പ്രയോജനപ്പെടുന്ന പഞ്ചായത്തുകൾ
: കല്ലൂപ്പാറ, മല്ലപ്പള്ളി, ആനിക്കാട്,കവിയൂർ, കോട്ടാങ്ങൽ, എഴുമറ്റൂർ, കൊറ്റനാട്, പുറമറ്റം.
ആദ്യഘട്ടത്തിൽ ചെലവിടുന്നത് : 5 ലക്ഷം രൂപ