പത്തനംതിട്ട: കൊവിഡ് രോഗിയായ യുവതിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിലെ പ്രതി നൗഫലിനെ സംഭവ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. യുവതിയെ ആശുപത്രിയിലാക്കാൻ പോകുംവഴി ആറൻമുളയിലെ ആളൊഴിഞ്ഞ സ്ഥലത്തുവച്ചായിരുന്നു പീഡനം. സാക്ഷികളെ കാണിച്ച് തിരിച്ചറിഞ്ഞ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിന് വിധേയനാക്കിയതായി ജില്ലാപൊലീസ് മേധാവി കെ.ജി. സൈമൺ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ അടൂർ ഡിവൈ.എസ്. പി ആർ. ബിനുവിന്റെ നേതൃത്വത്തിൽ അടൂർ പോലീസ് ഇൻസ്‌പെക്ടർ ശ്രീകുമാർ ഉൾപ്പെട്ട പൊലീസ് സംഘമാണ് തെളിവെടുത്തത്. തുടർന്ന്, സാക്ഷികളെ കാണിച്ചു തിരിച്ചറിഞ്ഞു. അന്വേഷണം തുടരുന്നതായും കേസിൽ പഴുതടച്ച അന്വേഷണം നടത്തി നിശ്ചിതസമയത്തിനകം പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണസംഘത്തിന് നിർദ്ദേശം നൽകിയതായും ജില്ലാപൊലീസ് മേധാവി പറഞ്ഞു.