hos

പത്തനംതിട്ട : കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ കൊവിഡ് ബാധിതരായ ഡയാലിസിസ് രോഗികളെ എ ബ്ലോക്കിലെ മുകൾ നിലയിലുള്ള ഡയാലിസിസ് യൂണിറ്റിൽ എത്തിക്കുന്നത് മറ്റുരോഗികൾ സഞ്ചരിക്കുന്ന കോറിഡോറിലൂടെ. ഇത് കൊവിഡ് വ്യാപനത്തിന് വഴിയൊരുക്കുമെന്ന ഭീതിയിലാണ് ആശുപത്രിയിൽ എത്തുന്നവർ. ബി ബ്ലോക്കിലാണ് കൊവിഡ് വാർഡ്. എന്നാൽ അണുനശീകരണം നടത്തി കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഡയാലിസിസിന് കൊവിഡ് രോഗികളെ എത്തിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നുണ്ടെങ്കിലും ആശങ്കയ്ക്ക് കുറവൊന്നുമില്ല.

ഇപ്പോൾ കൊവിഡ് ബാധിതരായ രോഗികൾക്ക് മാത്രമാണ് ഇവിടെ ഡയാലിസിസ് നടത്തുന്നത്. ഓപ്പറേഷൻ തിയേറ്റർ, പാലിയേറ്റീവ് വാർഡ്, മെഡിക്കൽ വാർഡ് എന്നിവ പ്രവർത്തിക്കുന്നത് എ ബ്ളോക്കിലാണ്. കോറിഡോറിലൂടെ മാത്രമേ ബി ബ്ലോക്കിൽ നിന്ന് എ ബ്ലോക്കിൽ എത്താൻ കഴിയുകയുള്ളു. സർജറി കഴിഞ്ഞ രോഗികൾ അടക്കമുള്ളവർ ഇവിടെയുണ്ട്. തിരുവല്ല താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിൽ മുമ്പ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജില്ലാ ആശുപത്രിയിലെ ജീവനക്കാരടക്കം ആശങ്കയിലാണിപ്പോൾ.

* 85 ഡയാലിസിസ് രോഗികളെ ജില്ല ആശുപത്രിയിൽ നിന്ന് തിരുവല്ല, ചെങ്ങന്നൂർ, റാന്നി, പത്തനംതിട്ട എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. തിരുവല്ലയിൽ രോഗം സ്ഥിരീകരിച്ചപ്പോൾ സ്വകാര്യ ആശുപത്രിയിൽ വലിയ തുക ചെലവാക്കിയാണ് രോഗികൾ ഡയാലിസിസ് നടത്തിയത്.

" കോറിഡോറിൽ കൃത്യമായി അണുനശീകരണം നടത്തിയാണ് രോഗികൾളെ ഡയാലിസിസിന് എത്തിക്കുന്നത്. കൊവിഡ് രോഗികൾ കൂടുകയാണ്. ജില്ലാ ആശുപത്രി പൂർണമായും കൊവിഡ് ആശുപത്രിയാക്കേണ്ടിവരും. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് കൊ വിഡ് രോഗികളെ മാറ്റുന്നത്. ആരും പരിഭ്രാന്തരാകേണ്ട കാര്യം ഇല്ല. "

ഡോ. എ.എൽ ഷീജ

(ഡി.എം.ഒ.)

" പത്തനംതിട്ടയിലാണ് ഇപ്പോൾ എന്റെ ഭർത്താവിന്റെ ഡയാലിസിസ് നടത്തുന്നത്. കോഴഞ്ചേരിയിൽ നിന്ന് എത്തുന്ന രോഗികളെ വൈകിട്ട് 6 മണിയ്ക്ക് ശേഷമേ ഇവിടെ ഡയാലിസിസ് നടത്തൂ. ഇത് ഏറെ ബുദ്ധിമുട്ടാണ്. നിരവധി തവണ പരാതി പറഞ്ഞിരുന്നു. നാട്ടുകാരുടെ സഹായത്തോടെ ജീവിക്കുന്ന ഞങ്ങളെപ്പോലെയുള്ളവർക്ക് ഇത് ഏറെ കഷ്ടപ്പാട് ഉണ്ടാക്കുന്നു.

മണിയമ്മ

(ഇടയാറന്മുള സ്വദേശി)