പത്തനംതിട്ട : കത്തോലിക്കാ സഭ പത്തനംതിട്ട രൂപതയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ഭവന നിർമ്മാണ പദ്ധതിയായ സാന്തോം ഹൗസിംഗ് പ്രോജക്ടിന്റെ ഭാഗമായി ഭവനരഹിതരായ കുടുംബങ്ങൾക്കായി നിർമ്മിച്ച വീടിന്റെ താക്കോൽദാനം മൈലപ്രയിൽ നടന്നു. കഴിഞ്ഞ പ്രളയ കാലത്ത് ഭവനവും വസ്തുവും നഷ്ടപ്പെട്ട ആറു കുടുംബങ്ങൾക്കാണ് ആദ്യഘട്ടം വീടുകൾ നിർമ്മിച്ച് നൽകിയത്. ഒരു വീടിന് ആറ് ലക്ഷത്തോളം രൂപ ചെലവായിട്ടുണ്ട്. രൂപത അദ്ധ്യക്ഷൻ ഡോ.സാമുവൽ മാർ ഐറേനിയോസ് ,ബിഷപ്പ് എമിരിത്തൂസ് യൂഹാനോൻ മാർ ക്രിസോസ്റ്റം എന്നിവർ ചേർന്ന് താക്കോൽ ദാന ചടങ്ങ് നിർവഹിച്ചു.ഫാ.ജോസ് ചാമക്കാലായിൽ കോർ എപ്പിസ്ക്കോപ്പ,പ്രൊക്യൂറേറ്റർ ഫാ.സിജോ ജെയിംസ് ചരിവു പറമ്പിൽ,ഫാ. വർഗീസ് കൂത്തിനേത്ത്,സണ്ണി മാത്യു പാറയ്ക്കൽ, സിസ്റ്റർ മേരി ജോൺ എന്നിവർ പങ്കെടുത്തു.