അടൂർ: കരാറുകാരന്റെ മെല്ലപ്പോക്ക് സമീപനം കാരണം പത്ത് മാസം മുൻപ് തീരേണ്ട അടൂരിലെ ഇരട്ടപ്പാലങ്ങളുടെ നിർമ്മാണവും നഗര സൗന്ദര്യവൽക്കരണവും എന്നു തീരുമെന്ന കാര്യത്തിൽ ആർക്കും ഒരു വ്യക്തതയില്ല. 2018 നവംബറിൽ പണിതുടങ്ങിയ പാലത്തിന്റെ കരാർ കാലാവധി 2019 ഒക്ടോബർ ആയിരുന്നു. എന്നാൽ ഒരു വർഷം കൂടി പിന്നിടുമ്പോൾ 35 ശതമാനം പണികൾ മാത്രമാണ് നടത്താനായത്. സെൻട്രൽ ജംഗ്ഷനിലെ വെള്ളക്കെട്ടിന് പരിഹാരമായി ഓടകളുടെ നിർമ്മാണം, അത്യാധുനിക വെയിറ്റിംഗ് ഷെഡ് എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു.
വലിയതോടിന് കുറുകെ പഴയപാലത്തിന്റെ ഇരുവശങ്ങളിലുമാണ് പുതിയപാലങ്ങൾ നിർമ്മിക്കുന്നത്. ചിറ്റയം ഗോപകുമാർ എം.എൽ.എ യുടെ ശ്രമഫലമായി 20l6 - 17 വർഷത്തെ ബഡ്ജറ്റിലാണ് പദ്ധതിക്ക് പണം വകയിരുത്തിയത്. മന്ത്രി ജി. സുധാകരൻ നിർമ്മാണോദ്ഘാടനം നടത്തിയ പദ്ധതി ഓരോ കാരണങ്ങൾ നിരത്തി വൈകിക്കുകയായിരുന്നു. നിർമ്മാണ പ്രവർത്തനത്തിൽ വേഗതയില്ലെന്ന കാരണത്താൽ കിഫ്‌ബി നിർമ്മാണം നിറുത്തിവെപ്പിച്ചിരുന്നു. വൈദ്യുതി ബോർഡ് 11 കെ.വി ലൈനും ട്രാൻസ്ഫോർമറും മാറ്റിവച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വീണ്ടും നിർമ്മാണ അനുമതി നേടിയെടുത്തു. എന്നാൽ വടക്കുഭാഗത്തെ പാലത്തിന്റെ പണിക്ക് മാത്രമായിരുന്നു ട്രാൻസ്ഫോർമർ തടസമായത്. തെക്കുഭാഗത്തെ പാലംപണിക്ക് ഒരു തടസവുമില്ലായിരുന്നു. തുടർന്ന് 2020 വരെ കാലാവധി നീട്ടികൊടുത്തു. ഇതിനിടെ കൊവിഡ് വ്യാപനത്തോടെ പണികൾ വീണ്ടുംമുടങ്ങി. പിന്നീട് തൊഴിലാളികളെ കിട്ടാനില്ലെന്ന കാരണമായി. തെക്കുഭാഗത്തെ പാലത്തിന്റെ ഇരുകരകളിലേയും തൂണുകൾ പൂർത്തിയായി. വടക്കുഭാഗത്ത് പൈലിംഗ് ജോലികൾ നടന്നുവരുന്നതേയുള്ളൂ. ഡിസംബറിൽ പൂർത്തീകരിക്കണമെന്നാണ് പുതിയ കരാർ.
കാരറുകാരന് താക്കീത് നൽകി മടുത്തു. കഴിഞ്ഞ ദിവസവും എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന യോഗം വിലയിരുത്തിയിരുന്നു. തോട്ടിലെ ജലനിരപ്പും ഇപ്പോൾ പ്രശ്നമാണ് .
പൊതുമരാമത്ത് അധികൃതർ
കേരള റോഡ് ഫണ്ടിന്റെ ചീഫ് എൻജിനിയർ ഉൾപ്പെടെയുള്ളവർ അടുത്ത ദിവസങ്ങളിൽ നിർമ്മാണ പുരോഗതി വിലയിരുത്താൻ എത്തും. കരാറുകാരനും കർശന നിർദ്ദേശം നൽകി.
ചിറ്റയം ഗോപകുമാർ എം.എൽ .എ
കിഫ്ബിയുടെ പദ്ധതി
ചെലവിടുന്നത് : 11.1 കോടി,
പാലങ്ങളുടെ നീളം : 25 മീറ്റർ
വീതി : 7.50 മീറ്റർ