തിരുവല്ല: തെരുവ് നായ്ക്കൾ കൈയടക്കിയിരിക്കുകയാണ് തിരുവല്ല . താലൂക്ക് ആശുപത്രി വളപ്പിലും സബ് ട്രഷറിയുടെ വരാന്തയിലും റവന്യു ടവറിന്റെ പരിസരങ്ങളിലും ഇഷ്ടംപോലെയുണ്ട് നായ്ക്കൾ. വാഹനങ്ങൾക്ക് നേരെ കുരച്ചു ചാടുന്ന നായ്ക്കൾ ഇരുചക്ര വാഹന യാത്രക്കാർക്ക് ഏറെ ഭീഷണിയാകുന്നുണ്ട്. നായ്ക്കളെ കണ്ട് ഭയന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ് ഇരുചക്ര വാഹന യാത്രക്കാർക്ക് പരിക്കേറ്റ സംഭവങ്ങളുണ്ട്. നെടുമ്പ്രം, പെരിങ്ങര, കടപ്ര പഞ്ചായത്തുകളിൽ ഇവയുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. പെരിങ്ങര - ചാത്തങ്കരി, പെരിങ്ങര - സ്വാമി പാലം, മൂവിടത്ത് പടി - കാരയ്ക്കൽ, ചാത്തങ്കരി - മേപ്രാൽ റോഡുകളിൽ തെരുവ് നായ്ക്കളുടെ ശല്യം ഏറെ രൂക്ഷമാണ്. രാത്രി കാലങ്ങളിൽ കൂട്ടമായെത്തുന്ന നായ്ക്കൾ വീടുകളുടെ പടികളിലും സിറ്റൗട്ടുകളിലും കിടക്കുന്ന ചവിട്ടുമെത്തകളും പാദരക്ഷകളുമടക്കം നശിപ്പിക്കുന്നതും മലമൂത്ര വിസർജ്ജനം നടത്തുന്നതും പതിവായിട്ടുണ്ട്.റോഡിന്റെ ചില ഭാഗങ്ങളിൽ കൂട്ടത്തോടെ തമ്പടിക്കുന്ന തെരുവ് നായ്ക്കൾ കാൽനടക്കാരായ കുട്ടികളും സ്ത്രീകളും ഉൾപ്പടെയുള്ളവരിൽ ഭീതി ജനിപ്പിക്കുന്നുണ്ട്.
തെരുവോരങ്ങളിലും മറ്റും മാലിന്യങ്ങൾ വലിച്ചറിയുന്നതും നായ്ക്കളുടെ ശല്യം വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. എ.ബി.സി പദ്ധതി പ്രകാരം തെരുവ് നായക്കളെ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വന്ധ്യംകരിക്കുന്നുണ്ടെങ്കിലും പ്രയോജനമില്ലാത്ത സ്ഥിതിയാണ്.