22-cgnr-ksrtc-bus-stand
കെ.എസ്.ആർ.ടി.സി സ്റ്റാന്റായി മാറിയ പഴയ ചെങ്ങന്നൂർ മിൽസ് മൈതാനം

ചെങ്ങന്നൂർ : 1938 സെപ്തംബർ 29, വൈകുന്നേരം 3.30, ചെങ്ങന്നൂർ മിൽസ് മൈതാനം ..., തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് വിളിച്ചു ചേർത്ത സമ്മേളനത്തിനായി എത്തിയതാണ് ഇൗ ജനക്കൂട്ടം. മധ്യ തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുണ്ട്. തോക്കും ലാത്തിയുമായി സർ സി.പിയുടെ പൊലീസ് സമര ഭടൻമാരെ നേരിടാനും തയ്യാറാകുന്നു. കെട്ടിടത്തിന്റെ മുകളിലും മരങ്ങളിലുമൊക്കെയായി വലിയ ജനക്കൂട്ടം കാഴ്ചക്കാരായുമുണ്ട്. ജനങ്ങളോട് പിരിഞ്ഞു പോകാൻ പൊലീസ് ആവശ്യപ്പെടുന്നുണ്ടെങ്കിലും ആരും അത് ഗൗനിക്കുന്നില്ല. കോൺഗ്രസ്സ് നേതാവ് സി.കേശവൻ വേദിയിലെത്തിയതോടെ പൊലീസുകാർ മുൻകൂട്ടി തയ്യാറാക്കി നിറുത്തിയ ഗുണ്ടകൾ അക്രമം അഴിച്ചുവിട്ടു. ജനക്കൂട്ടം ചിതറിഒാടി. പരിഭ്രാന്തിയുടെ നിമിഷങ്ങൾക്കിടെ ടി.എം വർഗീസ്, ജി.രാമചന്ദ്രൻ പിള്ള ,കണ്ണാറ ഗോപാലപ്പണിക്കർ തുടങ്ങിയ നേതാക്കൾ വേദിയിലെത്തി. വീണ്ടും റൗഡികൾ ആക്രമണം തുടങ്ങി. ജനങ്ങളെ പൊലീസ് ഓടിച്ചിട്ടു തല്ലി. സമ്മേളനം അലങ്കോലമായി. പേരിശ്ശേരി ഭാഗത്തേക്ക് ഓടിയ സമരപ്രവർത്തകർ പൊലീസ് കടന്നു വരാതിരിക്കാൻ നിരത്തിൽ തടിവെട്ടി ഇട്ടും കൽക്കൂനകൾ ഉണ്ടാക്കിയും പ്രതിരോധിച്ചു. ചിതറിപ്പോയ ചിലർ ഇപ്പോഴത്തെ കോടതിയുടെ ഭാഗത്തേക്ക് ഓടിയെത്തി. കുടിലിൽ ജോർജ്ജ് അടക്കം അവിടെ കൂടിയിരുന്നവരോട് പിരിഞ്ഞു പോകാൻ പൊലീസിന്റെ ആക്രോശം. നിരവധി തവണ ആവർത്തിച്ചിട്ടും പോകാതെ നിന്ന ജോർജിനെ പൊലീസ് വെടിവച്ചിട്ടു.

സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ചെങ്ങന്നൂരിന്റെ സ്ഥാനം ഉയർത്തിക്കാട്ടുന്ന ഈ സംഭവത്തിന് 82 വയസ് തികയുകയാണ്.

എന്നാൽ നാളുകളിത്ര കഴിഞ്ഞിട്ടും ഇൗ ധീരസ്മരണയ്ക്ക് ചെങ്ങന്നൂരിലെങ്ങും ഒരു സ്മാരകം പോലും ഒരുക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. എം.സി റോഡരികിലെ ഇന്നത്തെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡാണ് പഴയ മിൽസ് മൈതാനം. അവിടെ നെല്ലുകുത്ത് മിൽ പ്രവർത്തിച്ചിരുന്നതിനാൽ മിൽസ് മൈതാനം എന്ന പേരുവരുകയായിരുന്നു.


സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിർണായക സംഭവമാണ് ചെങ്ങന്നൂർ മിൽസ് മൈതാനത്തെ യോഗവും തുടർന്നുണ്ടായ വെടിവയ്പ്പും. വെടിവെയ്പിൽ പേരിശ്ശേരി സ്വദേശി കുടിലിൽ ജോർജ് കൊല്ലപ്പെട്ടു.

ഇനിയും സ്മാരകമായില്ല

സ്വാതന്ത്ര്യ സമരത്തിൽ ചെങ്ങന്നൂരിന്റെ സാന്നിദ്ധ്യം കുറിക്കുന്ന സംഭവത്തിന് സ്മാരകം നിർമിക്കണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. വർഷങ്ങൾക്ക് മുമ്പേ സ്മാരക നിർമ്മാണത്തിന് സർക്കാർ തീരുമാനപ്രകാരം കെ .എസ് .ആർ.ടി.സി ഒരു സെന്റ് സ്ഥലം വിട്ടുനൽകിയിരുന്നു. എന്നാൽ ഇൗ ഭൂമി കാടുകയറിയ നിലയിലാണ്.