പത്തനംതിട്ട: കനത്ത മഴയിൽ ജില്ലയിലെ നദികളിൽ ജലനിരപ്പുയർന്നു. അണക്കെട്ടുകളിൽ ജലനിരപ്പ് 75ശതമാനം വരെയെത്തി. ജില്ലയിൽ ഇന്നലെയും മഞ്ഞ അലർട്ടായിരുന്നു. ഇന്നും ജാഗ്രതാനിർദേശം തുടരും.
ഇന്നലെ രാവിലെ എട്ടുവരെയുള്ള 24 മണിക്കൂറിൽ കോന്നിയിൽ 20 മില്ലിമീറ്ററും അയിരൂരിൽ 22.2 മില്ലിമീറ്റും മഴ പെയ്തതായാണ് മഴ മാപിനിയിൽ രേഖപ്പെടുത്തിയത്.
വനമേഖലയിൽ മഴ ശക്തമാണ്. ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ കക്കി, പമ്പ സംഭരണികളിൽ ജലനിരപ്പ് 75 ശതമാനത്തിലെത്തി. കക്കിയിൽ 974.35 മീറ്ററാണ് ഇന്നലത്തെ ജലനിരപ്പ്. 981.60 മീറ്ററാണ് സംഭരണിയുടെ ശേഷി. പമ്പയിൽ 977.50 മീറ്ററാണ് ജലനിരപ്പ്. 986.32 മീറ്ററാണ് സംഭരണശേഷി. കക്കി സംഭരണിയുടെ വൃഷ്ടി പ്രദേശങ്ങളിൽ ഇന്നലെ രാവിലെ വരെ 96 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പമ്പയിൽ 125 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.
മൂഴിയാർ സംഭരണിയിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഷട്ടറുകൾ തുറക്കുമെന്ന മുന്നറിയിപ്പുണ്ട്. 192.63 മീറ്ററാണ് മൂഴിയാറിലെ സംഭരണശേഷി. ഇന്നലെ 191.20 മീറ്ററിലായിരുന്നു ജലനിരപ്പ്.
ജലനിരപ്പുയർന്ന് മണിമലയാർ
മണിമലയാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. കല്ലൂപ്പറയിലെ മാപിനിയിൽ ഇന്നലെ രാവിലെ എട്ടിന് രേഖപ്പെടുത്തിയ ജലനിരപ്പ് 4.78 മീറ്ററാണ്. അഞ്ച് മീറ്ററാകുമ്പോൾ മുന്നറിയിപ്പ് നൽകും. അച്ചൻകോവിലാറ്റിൽ തുമ്പമണ്ണിൽ ഇന്നലെ രാവിലെ രേഖപ്പെടുത്തിയ ജലനിരപ്പ് 8.18 മീറ്ററാണ്. 9 മീറ്ററിൽ മുന്നറിയിപ്പ് നൽകും. പമ്പയിൽ ജല നിരപ്പ് അപകടകമായി ഉയർന്നിട്ടില്ല. പലയിടങ്ങളിലും ഇരുകര മുട്ടിയാണ് ഒഴുകുന്നത്. മാലക്കര മാപിനിയിൽ ഇന്നലെ രാവിലെ 3.62 മീറ്റർ ജലനിരപ്പ് രേഖപ്പെടുത്തി. അഞ്ച് മീറ്റർ ജലനിരപ്പാകുമ്പോഴാണ് മുന്നറിയിപ്പ് നൽകുന്നത്.