പത്തനംതിട്ട: കൊവിഡ് രോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ കാൻസർ പെൻഷൻ പുതുക്കുന്ന കാലാവധി അഞ്ച് വർഷമായി ഉയർത്തണമെന്ന് ജീവനം കാൻസർ സൊസൈറ്റി ആവശ്യപ്പെട്ടു.കാൻസർ പെൻഷൻ എല്ലാ വർഷവും പുതുക്കണം എന്ന ഉത്തരവ് നിലവിലുണ്ട്. രോഗി നേരിട്ട് ആശുപത്രിയിൽ എത്തിയാൽ മാത്രമേ സർട്ടിഫിക്കറ്റ് നൽകുകയുള്ളൂ. കൊവിഡ് രോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ പ്രതിരോധശേഷി കുറഞ്ഞ കാൻസർ രോഗികൾക്ക് ആശുപത്രിയിൽ പോകാൻ കഴിയാത്ത അവസ്ഥയാണ്. കൂടുതൽ നേരം ക്യൂ നിൽക്കാൻ കഴിയില്ല. ലോക് ഡൗൺ പ്രഖ്യാപിച്ച മാർച്ച് മുതൽ സംസ്ഥാനത്ത് ആയിരക്കണക്കിന് കാൻസർ രോഗികൾക്ക് പെൻഷൻ മുടങ്ങി. തുക നൽകാൻ അടിയന്തര ഇടപെടൽ ഉണ്ടാകണം. മെഡിക്കൽ സർട്ടിഫിക്കറ്റ് ഓൺലൈനായി നൽകുന്നതിനും പുതുക്കുന്ന കാലാവധി അഞ്ച് വർഷമായി ഉയർത്തണമെന്നും ജീവനം കാൻസർ സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ബിജു തുണ്ടിൽ മുഖ്യമന്ത്രിയ്ക്കും ധനം, ആരോഗ്യ വകുപ്പ് മന്ത്രിമാർക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.