കോന്നി : ആഞ്ഞിലികുന്ന് ആരോഗ്യ കേന്ദ്രത്തിൽ സ്ഥാപിച്ച ആദ്യ മിനി അജൈവ മാലിന്യ സംസ്കരണ കേന്ദ്രം കോന്നിപഞ്ചായത്ത് പ്രസിഡന്റ് എം.രജനി എം ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡൻറ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീനാമ്മ റോയ്, ആരോഗ്യ-വിദ്യാഭ്യസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനി സാബു,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മോഹനൻ കാലായിൽ പഞ്ചായത്ത് അംഗങ്ങളായ ഇ.പി ലീലാമണി,ലിസി സാം,പി.രല്ലു, സജി പീടികയിൽ, വിജയമ്മ വിജയൻ, ലൈല ഹുസൈൻ, പുഷ്പ കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു.
മാലിന്യ നിർമ്മാർജ്ജനത്തിന് മുൻഗണന
മാലിന്യനിർമാർജനത്തിന് കോന്നി പഞ്ചായത്ത് മുന്തിയ പരിഗണനയാണ് നൽകി വരുന്നത്. എന്റെ ഗ്രാമം ശുചിത്വ സുന്ദര സുരക്ഷിത ഗ്രാമം പദ്ധതി ആവിഷ്‌ക്കരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ജൈവ മാലിന്യം സംസ്‌കരിക്കുന്നതിന് എയ്റോബിൻ കമ്പോസ്റ്റ് യൂണിറ്റുകൾ സ്ഥാപിക്കുകയും അവിടെ ലഭിക്കുന്ന ജൈവമാലിന്യം സംസ്‌കരിച്ച് 'കർഷകമിത്രം' എന്ന പേരിൽ വളം ആക്കി മാറ്റുന്നപ്രക്രിയ നടന്നുവരുന്നു. അജൈവ മാലിന്യങ്ങൾ ശേഖരിച്ച് തരംതിരിച്ച് ക്ലീൻ കേരള കമ്പനിക്ക് നൽകുന്ന നടപടികളും നടക്കുന്നുണ്ട്. ഇതിനായി പ്ലാസ്റ്റിക് ഉൾപ്പെടുന്ന അജൈവ മാലിന്യങ്ങൾ ശേഖരിച്ച് തരംതിരിക്കുന്നതിനായി നാരായണപുരം ചന്തയിൽ അജൈവ മാലിന്യ സംഭരണകേന്ദ്രംസ്ഥാപിച്ച് പ്രവർത്തനമാരംഭിച്ചു.
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി എം.സി.എഫ് നിർമ്മാണം
വാർഡുകൾ കേന്ദ്രീകരിച്ച് അജൈവ മാലിന്യം തരംതിരിച്ച് ശേഖരിക്കുന്നതിനായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മിനി എം.സി.എഫ് നിർമ്മിക്കുന്ന നടപടികൾ ആരംഭിച്ചത്.18 വാർഡുകളിലും പ്രധാനപ്പെട്ട സ്ഥലങ്ങൾ കേന്ദ്രീകരിച്ച് സ്ഥാപിക്കുന്ന അജൈവ മാലിന്യ സംഭരണ കേന്ദ്രത്തിൽ അതാത് വാർഡിലെ പ്ലാസ്റ്റിക് ഉൾപ്പെടുന്ന അജൈവ മാലിന്യങ്ങൾ തരം തിരിച്ച് ശേഖരിച്ച് വെയ്ക്കും. ഇവിടെ നിന്നും ചന്തയിൽ സ്ഥാപിച്ചിരിക്കുന്ന പ്രധാന സംഭരണ കേന്ദ്രത്തിലേക്ക് എത്തിച്ച് അവിടെനിന്നും ക്ലീൻ കേരള കമ്പനിയ്ക്ക് കൈമാറും. മിനി എം.സി.എഫ് കൾക്ക് 35,000 രൂപയാണ് നിർമ്മാണ ചെലവ്.സാധനങ്ങൾ വാങ്ങുന്നതിനായി 27 617 രൂപയും തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള വേതനമായി 9383 രൂപയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 13 തൊഴിൽദിനങ്ങൾ ലഭിക്കും.