തിരുവല്ല: കനത്തമഴയിൽ പെരിങ്ങര പഞ്ചായത്ത് ഓഫീസ് വെള്ളത്തിലായി. മഴപെയ്യുമ്പോഴുള്ള വെള്ളക്കെട്ട് പഞ്ചായത്ത് ഒാഫീസിന്റെ ശാപമായി മാറുകയാണ്. ഫ്രണ്ട് ഓഫീസിലും പ്രസിഡന്റിന്റെ ഓഫീസിലും കോൺഫറൻസ് ഹാളിലുമടക്കം വെള്ളം കയറും. ഇതോടെ പ്രവർത്തനം പ്രതിസന്ധിയിലാകും. ചെളിയും മലിനജലവും തളംകെട്ടിക്കിടക്കുകയാണ് കെട്ടിടത്തിന്റെ പലഭാഗത്തും. മഴ മാറിയാലും വെള്ളം ഒഴുകിപ്പോകാതെ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ കെട്ടിക്കിടക്കും. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ആറ് തവണയാണ് ഒാഫീസിൽ വെള്ളം കയറിയത്. കെട്ടിടത്തിന് മുന്നിലെ കാവുംഭാഗം - ചാത്തങ്കരി പൊതുമരാമത്ത് റോഡിലെ വെള്ളക്കെട്ടിലൂടെ ടോറസ് അടക്കമുള്ള ഭാരവാഹനങ്ങൾ പോകുമ്പോൾ ഓളമുണ്ടായും പഞ്ചായത്ത് ഒാഫീസിലേക്ക് വെള്ളം കയറും.
---------------
35 ലക്ഷം അനുവദിച്ചിട്ടും
നടപടിയില്ല
വെള്ളക്കെട്ടിന് പരിഹാരം കാണാൻ പലതവണ ശ്രമിച്ചിട്ടുണ്ട്. പ്രദേശത്തെ മൂടിപ്പോയ കൈത്തോടുകൾ വീണ്ടെടുക്കാനും കലുങ്കുകൾ പുനർ നിർമ്മിക്കുന്നതിനുമായി 35 ലക്ഷം രൂപ എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ചിരുന്നു. ഇതിന്റെ കരാർ നടപടിയുമായി. എന്നാൽ സർവേ ജോലികൾ നടത്താൻ ചെറുകിട ജലസേചന വകുപ്പ് തയാറായിട്ടില്ല. ഇതോടൊപ്പം പൊതുമരാമത്ത് റോഡ്‌സ് വിഭാഗം ഓടകൾ നിർമ്മിക്കാനുള്ള നടപടികൾ തുടങ്ങാത്തതും നിലവിലെ പ്രശ്നങ്ങൾ നീണ്ടുപോകാൻ കാരണമായതായി ചൂണ്ടിക്കാട്ടുന്നു.
-----------------
വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികൾ വൈകുന്നതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ മരാമത്ത് വകുപ്പ് ഓഫീസിന് മുന്നിൽ സമരം നടത്തും
മിനിമോൾ ജോസ്.,
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്