സീതത്തോട്: ലോക് ഡൗൺ മാറിയിട്ടും കോട്ടമൺ പാറയിലേക്ക് ബസ് സർവീസ് തുടങ്ങിയില്ല. ഇതോടെ കോട്ടമൺപാറയും മേലെ കോട്ടമൺപാറയും ഒറ്റപ്പെട്ടു. നാട്ടുകാർക്ക് പത്ത് കിലോമീറ്ററോളം അകലെയുള്ള സീതത്തോട് ടൗണിൽ എത്തണമെങ്കിൽ ജീപ്പുകളെയും ഒാട്ടോറിക്ഷകളെയും ആശ്രയിക്കണം. ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ കോട്ടമൺപാറയിലേക്കുള്ള ബസുകൾ നിറുത്തിയതാണ്. സർവീസ് പുനരാരംഭിച്ചപ്പോൾ മിക്ക ബസുകളും സീതത്തോട്ടിൽ സർവീസ് അവസാനിപ്പിക്കും. പത്തനംതിട്ടയിൽ നിന്ന് സീതത്തോട് വഴി കോട്ടമൺപാറയിലേക്കും മേലെ കോട്ടമൺപാറയിലേക്കും ഒരു കെ.എസ്.ആർ.ടി.സി അടക്കം എട്ട് ബസുകളുണ്ടായിരുന്നതാണ്. റോഡ് തകർന്നു കിടക്കുന്നെന്ന കാരണം പറഞ്ഞ് മേലെ കൊട്ടമൺപാറയിലേക്ക് ബസുകൾ വിടുന്നില്ല. പ്രദേശവാസികൾ സീതത്തോട്ടിലെത്താൻ ബസ് ചാർജിനേക്കാൾ ഇരട്ടിയിലേറെ പണം മുടക്കണം. ബസുകൾ മേലെ കോട്ടമൺപാറയിലെത്താൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കോട്ടമൺപാറയിൽ നിന്ന് കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കെത്താൻ കെ.എസ്.ആർ.ടി.സി ബസുകൾ അനുവദിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. കോട്ടമൺപാറയിൽ നിന്ന് ആശുപത്രിയിലേക്ക് 40 കിലോമീറ്ററോളം ദൂരമുണ്ട്. മലയോര വാസികൾക്ക് പ്രയോജനപ്പെടുമെന്ന നിലയിലാണ് മെഡിക്കൽ കോളേജ് ആശുപത്രിയെന്ന് അധികൃതർ അവകാശപ്പെട്ടിരുന്നു. ഇതു സാദ്ധ്യമാകണമെങ്കിൽ ബസ് സർവീസ് അത്യാവശ്യമാണ്. നിലവിൽ കോട്ടമൺപാറയിൽ നിന്ന് കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകണമെങ്കിൽ ബസിൽ പത്തനംതിട്ടയിൽ എത്തിയ ശേഷം കോന്നിയിലേക്ക് മറ്റൊരു ബസ് കയറണം. അവിടെ നിന്ന് മെഡിക്കൽ കോളേജ് ബസിൽ കയറേണ്ടിവരും. കോട്ടമൺപാറ-സീതത്തോട്-ചിറ്റാർ-തണ്ണിത്തോട്- കോന്നി മെഡിക്കൽ കോളേജ് എന്ന റൂട്ടിൽ ബസ് സർവീസ് നടത്താം. ഇൗ സർവീസ് പത്തനംതിട്ട വരെ നീട്ടിയാൽ തിരികെ പോരുമ്പോൾ പത്തനംതിട്ടക്കാർക്കും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്താം.
മോഹൻലാൽ, കോട്ടമൺപാറ.