തിരുവല്ല: പ്രതിസന്ധി പരിഹരിക്കുന്നതിന് അദ്ധ്യാപകരുടേയും ജീവനക്കാരുടേയും ശമ്പളം സ്ഥിരമായി പിടിച്ചെടുക്കുന്ന രീതിയിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും കേരളാ സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ സംസ്ഥാന കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ജീവനക്കാരുടെ ഭവന-വിദ്യാഭ്യാസ-വാഹന വായ്പ അടക്കമുള്ള തിരിച്ചടവുകൾ സാലറി കട്ട് കാരണം മുടങ്ങിയിരിക്കുകയാണ്. ശമ്പളംകൊണ്ട് ജീവിക്കുന്നവരെ ദുരിതത്തിലേയ്ക്ക് തള്ളിവിടുകയാണെന്നും യോഗം കുറ്റപ്പെടുത്തി. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും കത്ത് നൽകി. സംസ്ഥാന പ്രസിഡന്റ് ഹരീഷ് കടവത്തൂർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അലക്സ് സാം ക്രിസ്മസ്, ജോൺ മാത്യു, സുനി കുമാരൻ നായർ,കെ.മനോജ്, ഒ.മോഹനൻ, എ.കെ.മുഹമ്മദ് അഷ്റഫ്, വി.ചന്ദ്രബാബു, ജി.വിഗിത, ഷാജു, കെ.കെ ബാലകൃഷ്ണൻ, റോയ് വർഗീസ് എന്നിവർ പ്രസംഗിച്ചു.