അടൂർ: കെ.എസ്. ആർ.ടി. സി അടൂർ ഡിപ്പോയിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുമ്പോഴും ജീവനക്കാരുടെ സുരക്ഷിതത്വത്തിന് പരിഗണ നൽകാത്തതിലുള്ള പ്രതിഷേധം വ്യാപകമാകുന്നു. ഇന്നലെ ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഒരു ഹെഡ് സൂപ്പർവൈസർക്കും ഡ്രൈവർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ഡിപ്പോയിൽ രോഗം ബാധിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു. 350 ജീവനക്കാരുള്ളതിൽ പകുതിയിൽ താഴെപ്പേരാണ് ഇതുവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരായത്. അടൂർ ജനറൽ ആശുപത്രിയിലാണ് പരിശോധനയ്ക്കായി സ്രവം ശേഖരിക്കുന്നത്. രാവിലെ എത്തുന്ന ജീവനക്കാർ മണിക്കൂറുകളോളം രോഗമുള്ളതും ഇല്ലാത്തതുമായ ആളുകൾക്കൊപ്പം നിന്നാണ് പരിശോധനയ്ക്ക് വിധേയമാകുന്നത്. ചില ജീവനക്കാരാകട്ടെ കാത്തു നിന്ന് മടുത്തും ഭയവും കാരണം പരിശോധനയ്ക്ക് വിധേയമാകാതെ മടങ്ങുകയാണ്. പ്രാഥമിക സമ്പർക്കപ്പട്ടിക ശരിയായവിധം തയ്യാറാക്കാത്തതിനാൽ രോഗമുള്ളവരും ഇല്ലാത്തവരും ഇടകലർന്നാണ് ജോലിയെടുക്കുന്നത്. അതേസമയം പത്തനംതിട്ട ഡിപ്പോയിൽ രോഗവ്യാപനം ഉണ്ടായപ്പോൾ ഡിപ്പോ തിങ്കളാഴ്ച അടച്ചിട്ട് മുഴുവൻ ജീവനക്കാരെയും ഡിപ്പോയിൽ തന്നെ മൊബൈൽ ലാബ് എത്തിച്ച് ഒറ്റ ദിവസം കൊണ്ട് പരിശോധനയ്ക്ക് വിധേയമാക്കി. അടൂർ ഡിപ്പോ മൂന്ന് ദിവസം അടച്ചിട്ടിട്ടും ഇത്തരത്തിലൊരു സൗകര്യമൊരുക്കാൻ എ.ടി.ഒ ഉൾപ്പെടെയുള്ള അധികൃതർ തയ്യാറായില്ല. ഇതിനായി എം.എൽ.എ യുടെ സഹായം തേടിയിരുന്നെങ്കിൽ പത്തനംതിട്ട ഡി.എം.ഒ ഓഫീസിസിൽ നിന്ന് സൗകര്യമൊരുക്കുമായിരുന്നു. പ്രശ്നത്തിൽ ഒറ്റപ്പെട്ട പ്രതിഷേധം ഉയരുന്നതൊഴിച്ചാൽ തൊഴിലാളി യൂണിയനുകൾ കാട്ടുന്ന മൗനത്തിൽ ജീവനക്കാർക്കിടയിൽ കടുത്ത അമർഷമുണ്ട്.