പത്തനംതിട്ട : ജനറൽ ആശുപത്രിയിൽ കൊവിഡിന് ചികിത്സയിൽ കഴിയുന്നവരെ നോക്കാൻ ജാൻസി വരും. തൊടുകയോ പറയുകയോ വേണ്ട. വേണ്ടതെല്ലാം ജാൻസി അറിഞ്ഞു ചെയ്യും. വരും ദിവസങ്ങളിൽ ജാൻസി വാർഡുകളിലും മുറികളിലും എത്തും. ഭക്ഷണം, മരുന്ന്, വസ്ത്രം തുടങ്ങി രോഗികൾക്ക് ആവശ്യമുള്ളത് തരും. മുറി വൃത്തിയാക്കും. സാനിട്ടൈസറും നൽകും. ശരീരത്തിന്റെ താപനിലയും നോക്കും.
ഇനി ജാൻസി ആരെന്നറിയേണ്ടേ, റോബോട്ട് ആണ്. കൊവിഡ് 19 ചികിത്സയെ സഹായിക്കുന്ന ആധുനിക യന്ത്രം. ജാൻസിയുണ്ടെങ്കിൽ ഡോക്ടർമാർക്കും നഴ്സുമാർക്കും എപ്പോഴും രോഗികളുടെ അടുത്ത് എത്തേണ്ട. ഏതെങ്കിലും ഒരു മുറിയിലിരുന്ന് രോഗികളുമായി അവർക്ക് ജാൻസിയിലൂടെ വീഡിയോ കോൾ ചെയ്ത് ആവശ്യമായ നിർദേശങ്ങൾ നൽകാനും കഴിയും. ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് വരാതിരിക്കാൻ ജാൻസി വലിയ സഹായമാണ് ചെയ്യുന്നത്.
' ജാൻസി' യെ ഇന്നലെ പത്തനംതിട്ട ജനറൽ ആശുപത്രിക്ക് കൈമാറി. വീണ ജോർജ് എം.എൽ.എയും പത്തനംതിട്ട റൂറൽ പാലിയേറ്റീവ് കെയർ ചെയർമാനും സി.പി.എം ജില്ലാ സെക്രട്ടറിയുമായ കെ.പി. ഉദയഭാനുവും ചേർന്ന് ആശുപത്രി ആർ.എം.ഒ ഡോ. ആശിഷ് മോഹൻ കുമാറിന് ജാൻസി റോബോട്ടിനെ കൈമാറി. അഭിഭാഷകനായ ബി. അരുൺ ദാസാണ് റോബോട്ടിനെ സംഭാവനയായി നൽകിയത്.
കൊച്ചി ആസ്ഥാനമായ ഏസ്റ്റാർ ഇന്ത്യാ പ്രൈ.ലിമിറ്റഡ് ആണ് റോബോട്ടിനെ നിർമ്മിച്ചത്. ഇത്തരം സൗകര്യങ്ങളോടു കൂടിയ ഇന്ത്യൻ നിർമ്മിതമായ ആദ്യത്തെ റോബോട്ടാണിത്. നഗരസഭ കൗൺസിലർ വി.ആർ. ജോൺസൺ, ഡോ. ഗണേഷ്, ഏസ്റ്റർ ഇന്ത്യാ പ്രൈ. ലിമിറ്റഡ് കമ്പനി മാനേജിംഗ് ഡയറക്ടർ പി.വി അരുൺ കുമാർ, ഡയറക്ടർ രതീഷ് രാമചന്ദ്രൻ ആചാരി, ടെക്നിക്കൽ ഹെഡുമാരായ ജയകൃഷ്ണൻ, ജിഷ്ണു എന്നിവർ പങ്കെടുത്തു.