റാന്നി : വടശേരിക്കര വനമേഖലയിലെ ആരബിൾ ഭൂമി നിക്ഷിപ്ത വന ഭൂമിയായി
പ്രഖ്യാപിച്ച നടപടി റദ്ദാക്കപ്പെട്ടതായി അഡ്വ. അടൂർ പ്രകാശ് എം.പി അറിയിച്ചു. റാന്നി ഡി എഫ് ഒ ഇതുസംബന്ധിച്ച് ഇറക്കിയ ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര വനം മന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടി.
ഡി.എഫ്.ഒയുടേത് ഉത്തരവ് ആയിരുന്നില്ലെന്നും ദുരുദ്ദേശംപൂർവം
പുറത്തിറക്കിയ ഒരു നിർദ്ദേശം ആയിരുന്നെന്നും കേന്ദ്ര വനം വകുപ്പിൽനിന്നും ലഭിച്ച വിശദീകരണത്തിൽ പറയുന്നു.
ആരബിൾ ഭൂമിയിലെ കൈവശക്കാർക്ക് തുടർന്നും കൃഷി ഉൾപ്പെടെയുള്ള എല്ലാ പതിവ് പ്രവർത്തികൾക്കും അനുവാദമുണ്ട്. ഇത് തടഞ്ഞുകൊണ്ട് റാന്നി ഡി എഫ് ഒ നൽകിയ നിർദ്ദേശം നിലനിൽക്കുന്നതല്ല .
വനസംരക്ഷണ നിയമം ദുർവ്യാഖ്യാനം ചെയ്ത റാന്നി ഡി എഫ് ഒ യെ സ്ഥലം മാറ്റിയതായും സംസ്ഥാന പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. വനഭൂമിയിൽ പുതിയതായി അപേക്ഷ നൽകിയ പാറമടയ്ക്ക് അനുവാദം ലഭ്യമാക്കുകയായിരുന്നു ഡി.എഫ്.ഒയുടെ ഗൂഢലക്ഷ്യം എന്നും വിശദീകരണത്തിൽ വ്യക്തമാക്കുന്നു
ഡി എഫ് ഒ കഴിഞ്ഞ ജൂൺ 30 നാണ് ആരബിൾ ഭൂമിയിലെ കൈവശക്കാരുടെ ഉടമസ്ഥ അവകാശം ചോദ്യം ചെയ്തു ഉത്തരവ് ഇറക്കിയത്. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ആഗസ്റ്റ് 20ന് എംപി എന്ന നിലയിൽ കേന്ദ്ര വനം വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയത്.
ആരബിൾ ഫോറസ്റ്റ് ലാൻഡ് അസൈൻമെന്റ് റൂൾസ് 1970 പ്രകാരം നിർദ്ദിഷ്ട ഭൂമി പട്ടയഭൂമി ആണെന്ന കാര്യം ഡി എഫ് ഒ മറച്ചുവച്ച് പാറമടയ്ക്ക് അപേക്ഷ നൽകിയ കമ്പനിയുമായി ചേർന്ന് വൻതോതിൽ മരങ്ങൾ വെട്ടിക്കടത്താൻ കൂട്ടുനിന്നെന്നും ആരോപണമുണ്ട്.