തിരുവല്ല: മണിമലയാറ്റിലെ സംരക്ഷണഭിത്തി നിർമ്മാണം വൈകിയതോടെ റോഡ് അപകടത്തിലായി. രണ്ടുവർഷം മുമ്പ് വള്ളംകുളം പഴയപാലത്തിന് സമീപം നിർമ്മാണം ആരംഭിച്ച സംരക്ഷണഭിത്തിയാണ് ഇനിയും കരതൊടാതെ നിൽക്കുന്നത്. കനത്തമഴയിലും വെള്ളപ്പൊക്കത്തിലും റോഡ് ഇടിഞ്ഞ് നദിയിലേക്ക് വീഴാവുന്ന സ്ഥിതിയാണ്. കവിയൂർ പഞ്ചായത്തിലെ ഒൻപതാം വാർഡിൽ തോട്ടഭാഗംകൊറ്റിനിക്കൽപ്പടി ഗണപതിക്കുന്ന് റോഡിലൂടെ നാട്ടുകാരുടെ യാത്ര ഭീതിയോടെയാണ്. റോഡിന്റെ വശങ്ങൾ മുഴുവൻ ഇളകി പോയവസ്ഥയിലാണ്. 2017ൽ ജില്ലാപഞ്ചായത്ത് റോഡ് നന്നാകുന്നതിന് 18 ലക്ഷം അനുവദിച്ചിരുന്നു. 2018ൽ പണി ആരംഭിച്ചെങ്കിലും ഇതുവരെ പൂർത്തിയായിട്ടില്ല. പണിക്കായി റോഡരികിൽ നിന്നും മണ്ണെടുത്ത് മൂലം റോഡിന്റെ കോൺക്രീറ്റ് ഇളകുകയും അടിഭാഗം പൊള്ളയാകുകയും ചെയ്തു. ഇതോടെ പാത ബലക്ഷയത്തിലായി. വീതികുറഞ്ഞ് ഗതാഗതവും പ്രശ്‌നമായി.


നിവേദനം നൽകിയിട്ടും ഫലമില്ല


സംരക്ഷണ ഭിത്തിയുടെ നിർമ്മാണം പൂർത്തിയാക്കാത്തതാണ് റോഡ് ഇടിയാനുള്ള കാരണം. ഭിത്തിയുടെ നിർമ്മാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ കളക്ടർക്ക് നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല. ഗണപതിക്കുന്ന് കോളനിയിലേതടക്കം 60ഓളം കുടുംബങ്ങൾ സഞ്ചരിക്കുന്ന റോഡാണിത്. കഴിഞ്ഞ പ്രളയത്തിൽ കോൺക്രീറ്റിങ്ങിനടിയിലെ മണ്ണ് താഴ്ന്നുപോയി. ഇതോടെ റോഡിന്റെ കുറെ ഭാഗങ്ങളും തകർന്നു. ഇതിനിടെ നിർമ്മാണം പൂർത്തിയാക്കാതെ ഇറക്കിയ സാധനങ്ങൾ കൊണ്ടുപോകാൻ കരാറുകാരൻ ശ്രമിച്ചെങ്കിലും നാട്ടുകാർ തടഞ്ഞു.


18 ലക്ഷം അനുവദിച്ചു

2018ൽ പണി ആരംഭിച്ചു

ഇതുവരെ പൂർത്തിയായില്ല

60 കുടുംബങ്ങൾ സഞ്ചരിക്കുന്ന റോഡ്


തിട്ടയിടിയാതിരിക്കാനും പാതയുടെ സംരക്ഷണത്തിനും കൊണ്ടുവന്ന പദ്ധതിയെ ഏറെ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. എന്നാൽ പണികൾ മുടങ്ങിയത് പ്രദേശവാസികളുടെ യാത്ര കഷ്ടത്തിലാക്കി. സംരക്ഷണഭിത്തിയുടെ അവസ്ഥ ഇതാണെങ്കിൽ തുടർന്നും ദുരിത യാത്രയാകും ഫലം. പരാതിപറഞ്ഞിട്ടും ജനപ്രതിനിധികൾ തിരിഞ്ഞു നോക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്.

(പ്രദേശവാസികൾ)