പത്തനംതിട്ട : ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത ദേശീയ പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി കോഴഞ്ചേരി പോസ്‌റ്റോഫീസിനുമുമ്പിൽ നടന്ന സമരം ടി.യു.സി.ഐ ജില്ലാ സെക്രട്ടറി കെ.ഐ ജോസഫ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന വിനാശകരമായ സ്വകാര്യവൽക്കരണത്തിനും, ഓഹരി വിറ്റഴിക്കലിനും, തൊഴിൽ നിയമ ഭേദഗതിക്കും, തന്ത്രപ്രധാന മേഖലകളായ റെയിൽവേ, വൈദ്യുതി,കൽക്കരി ഖനനം, ബി.പി.സി.എൽ, ആണവോർജ്ജം, ബഹിരാകാശ ഗവേഷണം തുടങ്ങിയവയെല്ലാം സ്വകാര്യ കുത്തകകൾക്ക് തീറെഴുതുന്നതിനെതിരെയും, തൊഴിൽ നിയമങ്ങൾ മൂന്ന് ലേബർകോഡുകളായി തിരിച്ച് തൊഴിലാളികളെ ദ്രോഹിക്കുന്നതിനെതിരെയുമായിരുന്നു സമരം. സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗം രാജൻ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. എം.കെ. വിജയൻ, ജോർജ്ജ്കുട്ടി (സി.ഐ.ടിയു), ചന്ദ്രശേഖരകുറുപ്പ് (എ.ഐ.ടി.യു.സി), തോമസ് ജോൺ കെ.,ഷാജി മാത്യു, കെ.ടി കുഞ്ഞുമോൻ, സജുകുളത്തിൽ (ഐ.എൻ.ടി.യു.സി), ഷാജി കെ.ജി., വിനോദ് കെ.കെ. (ടി.യു.സി.ഐ) തുടങ്ങിയവർ സംസാരിച്ചു.