മലയാലപ്പുഴ: മുക്കുഴി തെക്കുംമല മനോരമ മുക്ക് റോഡിലെ മൂലക്കാട്ട് വളവിൽ അപകടങ്ങൾ തുടർകഥയാവുന്നു. ഇവിടെ നിരവധി തവണ വാഹനങ്ങൾ തോട്ടിലേക്ക് മറിഞ്ഞിട്ടും അധികൃതർ യാതൊരു നടപടിയും എടുക്കുന്നില്ല. മുക്കുഴി തേക്ക് പ്ലാന്റേഷനിലെ വളവിലെ പാലത്തിലാണ് സംരക്ഷണ ഭിത്തിയിടിഞ്ഞ് അപകടങ്ങളുണ്ടാവുന്നത്. മുക്കുഴിയിൽനിന്ന് തെക്കുംമലയിലേക്കുള്ള ഇറക്കത്തിലെ ഹെയർപിൻ വളവാണിത്. സമീപത്ത് റാന്നി വനം ഡിവിഷനിലെ വടശേരിക്കര റേഞ്ചിൽപ്പെട്ട തേക്ക് പ്ലാന്റെഷനാണ്. ഏഴ് കിലോമീറ്റർ ദൂരമുള്ള പൊതുമരാമത്ത് വകുപ്പിന്റ പരിധിയിൽപ്പെടുന്ന റോഡാണിത്. മലയാലപ്പുഴ,വടശേരിക്കര,കോന്നി പഞ്ചായത്തുകളിലെ ജനങ്ങളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. മലയാലപ്പുഴ വടശേരിക്കര പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന പ്രദേശം കൂടിയാണിത്. വളവിലെ പാലത്തിന്റെ സംരക്ഷണഭിത്തിയിടിഞ്ഞതിനെ തുടർന്ന് ടാർ വീപ്പകൾ നിരത്തി വച്ച് റിഫ്‌ളക്ടർ റിബർ വലിച്ചുകെട്ടിയിരിക്കുകയാണ്.പാലത്തിന്റെ കെട്ടുകളും ഇടിഞ്ഞ് മാറിയതോടെ ഇവിടെ അപകട സാദ്ധ്യത വർദ്ധിക്കുകയാണ്. രാത്രിയിൽ ഇറക്കമിറങ്ങി വരുന്ന വാഹനങ്ങളാണ് കൂടുതലും അപകടങ്ങളിൽ പെടുന്നത്.
ഏളുപ്പത്തിൽ എത്താൻ ഏക ആശ്രയം
മലയാലപ്പുഴ, മുക്കുഴി,തലച്ചിറ,പുതുക്കുളം,പൊതീപ്പാട്, ഇലക്കുളം, വെള്ളറ,കുമ്പഴത്തൊട്ടം, ചെങ്ങറ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ വേഗത്തിൽ വടശേരിക്കരയിലെത്താൻ ഈ റോഡിനെയാണശ്രയിക്കുന്നത്.വടശേരിക്കര,മണിയാർ,ചിറ്റാർ,തുടങ്ങിയ പ്രദേശങ്ങളിലെ വേഗത്തിൽ മലയാലപ്പുഴയിലും കോന്നിയിലുമെത്താൻ ഈ റോഡിനെയാശ്രയിക്കുന്നു. ഇവിടുത്തെ അപകട സാദ്ധ്യത ഒഴിവാക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.
പലതവണ വാഹനങ്ങൾ മറിഞ്ഞ് കൈയാലയും ഇടിഞ്ഞിട്ടുണ്ട്. പല തവണ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയെങ്കിലും അറ്റകുറ്റപണികൾ ചെയ്ത് അപകട സാദ്ധ്യത ഒഴിവാക്കാൻ അധികൃതർ ശ്രമിക്കുന്നില്ല.
ലളിത
(സമീപവാസി)
-അപകടങ്ങൾ ഏറെയും രാത്രിയിൽ
-വളവിലെ പാലത്തിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു