പത്തനംതിട്ട : തിരുവല്ല മാർത്തോമാ കോളേജ് നാഷണൽ സർവീസ് സ്‌കീം സംഘടിപ്പിക്കുന്ന വെബിനാർ പരമ്പര 'റിസർക്ഷ'നു തുടക്കമായി. വിഭിന്നവൈജ്ഞാനികമേഖലകളെ സംയോജിപ്പിച്ചുള്ള വെബിനാർ പരമ്പര മന്ത്രി. വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കൃഷിവിജ്ഞാനം,ആരോഗ്യസുരക്ഷ,കൊവിഡ് 19അതിജീവനത്തിന്റെ വഴികൾ, സ്വയംസംരംഭക മാർഗങ്ങൾ, അവയവദാനം, രക്തദാനം, മാലിന്യസംസ്‌ക്കരണം, റോഡപകടങ്ങളിൽ നമ്മുടെ ഉത്തരവാദിത്തം, അയോധനകലകൾ സ്വയരക്ഷക്കും ആരോഗ്യമുള്ള ജീവിതത്തിനും,
മാറുന്നപ്രകൃതിയും ജീവജാലങ്ങളും, നമ്മളറിയേണ്ടുന്ന നിയമവശങ്ങൾ തുടങ്ങി വൈവിദ്ധ്യമാർന്ന നിരവധി വിഷയങ്ങൾ ഉൾകൊള്ളിച്ചു അവതരിപ്പിക്കുന്ന ഈ വെബിനാർ പരമ്പര 2021 മാർച്ച് 22 വരെയാണ്. കൊവിഡ് 19 ഉയർത്തുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ കാർഷികവ്യവസ്ഥയുടെ അനിവാര്യതയെക്കുറിച്ചു കേരള അഗ്രിക്കൾചർ യൂണിവേഴ്‌സിറ്റിയുടെ സാദാന്ത പുരം കൃഷിവിജ്ഞാനകേന്ദ്രം അസിസ്റ്റന്റ് പ്രൊഫസർ ഡോ.ലേഖ എം പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ.വർഗീസ് മാത്യു,ഡോ.വർഗീസ് പി.ജെ,ഡോ.ജോൺ ബെർലിൻ,പ്രൊഫ. കെസിയ മേരി ഫിലിപ്പ്,മേഘ സുരേഷ്, ആര്യൻ കെ ജിത്ത് എന്നിവർ പ്രസംഗിച്ചു.