test
test

തിരുവല്ല; കൊവിഡിന്റെ പശ്ചാത്തലത്തിൽ നിറുത്തിവച്ചിരുന്ന ഡ്രൈവിംഗ് ടെസ്റ്റ് ഇന്നലെ മുതൽ പുനരാരംഭിച്ചതായി തിരുവല്ല ജോയിന്റ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ സജി പ്രസാദ് അറിയിച്ചു. കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചായിരിക്കും ടെസ്റ്റ്. കൊവിഡ് നിയന്ത്രണങ്ങൾക്ക് മുമ്പ് ലേണേഴ്‌സ് ലൈസൻസ് എടുത്തവർക്കാണ് ടെസ്റ്റിന് പ്രവേശനം നൽകുക. 24ന് ശേഷം ലേണേഴ്‌സ് ലഭിച്ചവർക്ക് 2020 ഒക്ടോബർ 15 വരെയുള്ള ടെസ്റ്റിൽ പങ്കെടുക്കാൻ കഴിയില്ലയെന്നും അദ്ദേഹം അറിയിച്ചു. ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിന് ഹാജരാകുന്നവർ ബന്ധപ്പെട്ട പഞ്ചായത്ത് അധികാരികളുടെയോ, ആരോഗ്യവകുപ്പ് അധികൃതരുടെയോ സാക്ഷ്യപത്രം ഹാജരാക്കണം. സാക്ഷ്യപത്രത്തിന്റെ മാതൃക ഇ- സേവകേന്ദ്രത്തിൽ ലഭിക്കും. ഇരുചക്ര വാഹത്തിന്റെ ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകുന്നവർ ഓരോരുത്തരും പ്രത്യേകം ഹെൽമറ്റ് കൊണ്ടുവരണം. ഒരാൾ ഉപയോഗിച്ച ഹെൽമറ്റ് വേറെ ആൾ ഉപയോഗിക്കാൻ അനുവദിക്കില്ല. ടെസ്റ്റിന് ഹാജരാകുന്നവർ മാസ്‌കും സാനിറ്റൈസറും കൈവശം സൂക്ഷിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം. മോട്ടോർ വാഹനവകുപ്പ് അധികാരികൾ നിർദ്ദേശിക്കുന്നതും അണുനശീകരണം നടത്തിയതുമായ വാഹനത്തിലാകും ടെസ്റ്റ് നടക്കുക. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും.