vellakket

തിരുവല്ല: കനത്തമഴ ശമിച്ചെങ്കിലും അപ്പർകുട്ടനാട്ടിൽ വെള്ളക്കെട്ടിന്റെ ദുരിതം ഒഴിയുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ നദികളും മറ്റു ജലാശയങ്ങളും നിറഞ്ഞതിനെ തുടർന്ന് അപ്പർകുട്ടനാടിന്റെ പലപ്രദേശങ്ങളിലും വെള്ളം കെട്ടിക്കിടക്കുകയാണ്. പെരിങ്ങര, നെടുമ്പ്രം, നിരണം, കടപ്ര പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം പൊങ്ങിയത് ജനജീവിതം ദുസഹമാക്കി. മിക്ക റോഡുകളിലും വെള്ളം കയറിയതോടെ യാത്രയും ദുരിതമായി. മണിമലയാറ്റിൽ ജലനിരപ്പ് ഉയരുന്നതാണ് ഈ പ്രദേശങ്ങളിൽ അതിവേഗത്തിൽ വെള്ളപ്പൊക്കം ഉണ്ടാകാൻ കാരണം. പമ്പ, മണിമല നദികളുടെ കൈവഴികൾ അപ്പർകുട്ടനാടിന്റെ ഈ പ്രദേശങ്ങളിലൂടെ കടന്നുപോകുന്നതിനാൽ മഴക്കാലത്ത് അതിവേഗത്തിലാണ് ജലനിരപ്പ് ഉയരുന്നത്. വെള്ളക്കെട്ട് ഒഴിവാക്കാനായി ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ഓട നിർമ്മിക്കുന്നതിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചെങ്കിലും ലോക്ക് ഡൗണിനെ തുടർന്നുണ്ടായ പ്രത്യേക സാഹചര്യത്തിൽ പദ്ധതി മുടങ്ങുന്ന അവസ്ഥയാണെന്ന് ഗ്രാമ പഞ്ചായത്തംഗം പി ജി പ്രകാശ് പറഞ്ഞു.


മഴ ശക്തമാകുന്നതോടെ ചുറ്റുപാടും വെള്ളംനിറയുന്നതിനാൽ പെരിങ്ങരയിലെ കാരയ്ക്കലും മേപ്രാലും തോണിക്കടവും ഒറ്റപ്പെടും. പെരിങ്ങര - സ്വാമിപാലം- കൃഷ്ണപാദം റോഡിൽ മഴ കനത്താലുടൻ വെള്ളക്കെട്ടാകുന്നത് പതിവാണ്. റോഡിന്റെ തുടക്കഭാഗമായ പെരിങ്ങര ജംഗ്‌ഷൻ മുതൽ 200 മീറ്ററോളം ഭാഗത്ത് പതിവാകുന്ന വെള്ളക്കെട്ടാണ് കാൽനടക്കാർക്കടക്കം ദുരിതമായിരിക്കുന്നത്. ഇതോടൊപ്പം കാവുംഭാഗം -കാരയ്‌ക്കൽ റോഡിലും ഇടിഞ്ഞില്ലം-അഴിയിടത്തുചിറ -മേപ്രാൽ റോഡിലും വെള്ളത്തിൽ മുങ്ങിയതോടെ കാരയ്‌ക്കൽ, മേപ്രാൽ ഭാഗങ്ങൾ ഒറ്റപ്പെടുന്ന സ്ഥിതിയാണ്. പെരിങ്ങര പഞ്ചായത്തിലെ 13 -ാംവാർഡിലും വെള്ളക്കെട്ടിന്റെ ദുരിതം ഏറെയാണ്. ഇവിടുത്തെ തോണിക്കടവ് റോഡിൽ ഒരാഴ്ചയായി മുട്ടറ്റം വെള്ളമുണ്ട്. ചെറിയൊരു മഴ പെയ്താൽ പോലും റോഡ് വെള്ളത്തിൽ മുങ്ങുന്ന അവസ്ഥയാണ്.


സമീപത്തുള്ള കുഴിയിൽ കെട്ടിനിൽക്കുന്ന മലിനജലം റോഡിലെ വെള്ളക്കെട്ടുമായി കലരുന്നത് എലിപ്പനിയടക്കമുള്ള സാംക്രമിക രോഗ ഭീഷണിയും ഉയർത്തുന്നുണ്ട്. നൂറുകണക്കിന് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. രണ്ടടിയിലേറെ ഉയരത്തിൽ രൂപപ്പെടുന്ന വെള്ളക്കെട്ടിൽ അകപ്പെട്ട് ഇരുചക്ര വാഹനങ്ങളുടെ എഞ്ചിൻ തകരാറിലാകുന്നതും പരാതിയുണ്ട്. ഈ ഭാഗത്ത് പ്രവർത്തിക്കുന്ന സെൻട്രൽ ബാങ്ക് ശാഖയിലേക്കെത്തുന്ന കാൽനട യാത്രക്കാരടക്കമുള്ളവർ വെള്ളക്കെട്ട് മൂലം ഏറെ ദുരിതമനുഭവിക്കുകയാണ്.