 
പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവന രഹിതരായ നിരാലാംബർക്ക് പണിതു നൽകുന്ന 180ാമത്തെ സ്‌നേഹ ഭവനം, കൊടുമൺ, ഇടത്തിട്ട മലയുടെ ചരുവിൽ ഉഷയ്ക്കും, ശിവൻകുട്ടിക്കും, മൂന്ന് പെൺമക്കൾക്കുമായി ചിക്കാഗോ മാർക്കിന്റെ അംഗമായ തോമസിന്റെ സഹായത്താൽ അദ്ദേഹത്തിന്റെ സഹോദരി ചെങ്ങന്നൂർ പള്ളിത്താഴത്തേതിൽ സൂസൻ ചെറിയാന്റെ ഓർമ്മയ്ക്കായി നിർമ്മിച്ചു നൽകി. വീടിന്റെ ഉദ്ഘാടനവും, താക്കോൽദാനവും പബ്ലിക് പ്രോസിക്യൂട്ടറും തോമസിന്റെ സുഹൃത്തുമായ എ.സി.ഈപ്പൻ നിർവഹിച്ചു.
വർഷങ്ങളായി സുരക്ഷിതമല്ലാത്ത അവസ്ഥയിൽ പ്ലാസ്റ്റിക് കുടിലിൽ ആയിരുന്നു ഉഷയും ഭർത്താവ് ശിവൻകുട്ടിയും മൂന്ന് പെൺമക്കളുമായി കഴിഞ്ഞിരുന്നത്. ഇവരുടെ ദയനീയാവസ്ഥ നേരിൽ കണ്ട ടീച്ചർ, തോമസ് നൽകിയ മൂന്നര ലക്ഷം രൂപ ഉപയോഗിച്ച്, രണ്ടു മുറികളും,ഹാളും,അടുക്കളയും,ശുചിമുറിയും,സിറ്റൗട്ടും അടങ്ങിയ 650 സ്‌ക്വയർ ഫീറ്റ് വലിപ്പമുള്ള വീട് നിർമ്മിച്ചു നൽകുകയായിരുന്നു.ചടങ്ങിൽ വാർഡ് മെമ്പർ പുഷ്പലത .കെ.,കെ.പി ജയലാൽ,സൗമ്യ മോഹൻ,രാജശ്രീ രാജേഷ്, അഭിജിത്ത് യശോധരൻ രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.