അടൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ സഹകരണ ബാങ്കിലെ ജീവനക്കാരെ മത്സരിപ്പിക്കരുതെന്ന അടൂർ സർക്കിൾ സഹകരണ യൂണിയന്റേതായി വന്ന അഭിപ്രായപ്രകടനം അപഹാസ്യമെന്ന് കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. കോൺഗ്രസുകാരനായ ഏറത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റിന്റെ അഭിപ്രായം സർക്കിൾ സഹകരണ യൂണിയന്റെ അഭിപ്രായമായി മാറിയത് കമ്മ്യൂണിസ്റ്റ് പാർട്ടി മാത്രം ഭരിക്കുന്ന സർക്കിൾ സഹകരണ യൂണിയന്റെ രാഷ്ട്രീയ അരാജകത്വമായി മാത്രമേ കാണാനാകൂ. ഇത്തരമൊരു അഭിപ്രായം സംസ്ഥാന എൽ.ഡി.എഫിനോ അതിലെ പാർട്ടികൾക്കോ ഇല്ല.മറിച്ച് അടൂരിൽ മാത്രം ഇത്തരമൊരു തീരുമാനമെടുത്തത് ആരെയോ ഉന്നംവെച്ചുള്ളതാണെന്നും എല്ലാ മേഖലകളിലുമുള്ളവർ മത്സരിക്കുന്നതിന് നിയമസാധുതയും പരിരക്ഷയുമുള്ളപ്പോൾ അടൂർ സർക്കിൾ സഹകരണ യൂണിയന്റെ നിലപാടിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി. ജില്ലാ പ്രസിഡന്റ് ബൻസി തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി ബോബി മാത്തുണ്ണി റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറാർ എം. മധു,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എൻ. സുദർശനൻ, എം.ജെ .ബാബു, ശ്രീകുമാരി എന്നിവർ പ്രസംഗിച്ചു.