പത്തനംതിട്ട : ആരബിൾ ഭൂമി പ്രശ്‌നത്തിൽ സംസ്ഥാന സർക്കാരാണ് ഒന്നാംപ്രതിയെന്ന് അടൂർപ്രകാശ് എം.പി. വിവാദ ഉത്തരവ് സംസ്ഥാന സർക്കാരിന്റെ തീരുമാനമായിരുന്നു. പട്ടയഭൂമിയാണെന്ന് പ്രഖ്യാപിച്ച് റാന്നി ഡി.എഫ്.ഒ ഉത്തരവിറക്കിയിട്ടുംസംസ്ഥാന സർക്കാർ അത് തിരുത്താനോ,ജനങ്ങളുടെ ആശങ്ക തീർക്കാനോ നടപടി എടുക്കാതിരുന്നത് ഇതുകൊണ്ടാണ്.തന്റെ പരാതിയെ തുടർന്ന് കേന്ദ്ര വനംവകുപ്പ് മന്ത്രി പ്രശ്‌നത്തിൽ ഇടപെട്ടതിന് ശേഷമാണ് വിശദീകരണം നൽകാൻ പോലും സംസ്ഥാന വനം വകുപ്പ് തയാറായത്. കേന്ദ്ര വനനിയമം ഡി.എഫ്.ഒ ദുർവ്യാഖ്യാനം ചെയ്തിട്ടും സർക്കാർ മൗനം പാലിച്ചു. 1536.82 ഹെക്ടർ പട്ടയഭൂമി നിക്ഷിപ്ത വനഭൂമിയാക്കി പ്രഖ്യാപിച്ച റാന്നി ഡി.എഫ്.ഒ യുടെ ഉത്തരവ് സംസ്ഥാന സർക്കാരിന്റെ കൃത്യമായ അറിവോടുകൂടിയായിരുന്നു.പതിനായിരത്തോളം കുടുംബങ്ങളെ പ്രതിസന്ധിയിലാഴ്ത്തിയ വിവാദ ഉത്തരവിന്റെ ഉത്തരവാദിത്വം ഉദ്യോഗസ്ഥന്റെതലയിൽ കെട്ടിവച്ച് മുഖം രക്ഷിക്കാനാണ് ഇപ്പോൾ സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും അടൂർ പ്രകാശ് ആരോപിച്ചു. ആരബിൾ ഭൂമി പ്രശ്‌നം മേലിൽ തർക്കവിഷയം ആകില്ലെന്നാണ് കേന്ദ്ര വനം വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കർ എനിക്ക് നൽകിയ വ്യക്തമായ ഉറപ്പെന്നും അടൂർ പ്രകാശ് പറഞ്ഞു.