പത്തനംതിട്ട : കോന്നി ഗവ.. മെഡിക്കൽ കോളേജിന്റെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള പദ്ധതി ഒക്‌ടോബറിൽ ചേരുന്ന കിഫ്ബി ബോർഡിന്റെ പരിഗണനയ്ക്കായി സമർപ്പിക്കാൻ മന്ത്രി കെ.കെ ശൈലജയുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിൽ തീരുമാനമായതായി അഡ്വ.കെ.യു ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. 338.5 കോടി രൂപയുടെ പദ്ധതിയാണ് രണ്ടാംഘട്ടത്തിനായി തയ്യാറാക്കിയിരിക്കുന്നത്.
കിഫ്ബി ബോർഡിൽ സമർപ്പിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങൾ ഒരാഴ്ചയ്ക്കകം പൂർത്തീകരിക്കും. രണ്ടാംഘട്ട അനുമതി ലഭിച്ചാൽ മാത്രമേ കിടത്തിച്ചികിത്സ ആരംഭിക്കാൻ കഴിയു. ഒന്നാംഘട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കിയ ആശുപത്രി കെട്ടിടത്തിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള 87 കോടി രൂപ രണ്ടാംഘട്ട പദ്ധതിയിലൂടെ അനുവദിക്കേണ്ടതുണ്ട്.
മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യയിൽ മെഡിക്കൽ കോളേജ് പ്രവർത്തനമാരംഭിക്കാനുള്ള അപേക്ഷ തയ്യാറാക്കി സമർപ്പിക്കുന്നതിന് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനെ ചുമതലപ്പെടുത്തിയതായി മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഡോ.എ.റംലാബീബി യോഗത്തിൽ പറഞ്ഞു. 50 സീറ്റിനുള്ള അനുമതിയാണ് തേടുന്നത്. അനുമതി ലഭ്യമായാൽ അടുത്ത അദ്ധ്യയന വർഷം ക്ലാസ് ആരംഭിക്കാൻ കഴിയും.
പുതിയ കെട്ടിടംകൂടി നിർമ്മിക്കുന്നതോടെ 500 കിടക്കകളുള്ള മെഡിക്കൽ കോളേജായി കോന്നി മാറും. മെഡിക്കൽ കോളേജിലേക്കുള്ള റോഡുകൾ നിർമ്മിക്കാൻ വസ്തു ഏറ്റെടുക്കാൻ ആവശ്യമായ ഫണ്ട് ഉടൻ അനുവദിക്കാൻ ഗവൺമെന്റിൽ ഇടപെടാനും തീരുമാനമായി. മെഡിക്കൽ കോളേജിൽ ഒഴിവുള്ള തസ്തികകളിൽ അടിയന്തരമായി നിയമനം നടത്താൻ ഡിഎംഇയെ മന്ത്രി ചുമതലപ്പെടുത്തി.
മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഡോ. എ. റംലാബീവി, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
-------------