പത്തനംതിട്ട: മന്ത്രി കെ.ടി. ജലീലിന്റെ രാജിആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധങ്ങൾക്കെതിരെയുണ്ടായ പൊലീസ് നടപടികളിൽ പ്രതിഷേധിച്ച് കെ.എസ്.യുവും യുവമോർച്ചയും എസ്.പി. ഓഫീസിലേക്ക് മാർച്ച് നടത്തി.
രാവിലെ അബാൻ ജംഗ്ഷനി്ൽ നിന്ന് പ്രകടനമായി എത്തിയ കെ.എസ്.യു പ്രവർത്തകരെ റിംഗ് റോഡിൽ വച്ചുതന്നെ പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കെതിരെ രണ്ടുവട്ടം ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകരിൽ ചിലർ കയ്യിലിരുന്ന കമ്പ് പൊലീസിനു നേരെയും ജലപീരങ്കിക്കുനേരെയും എറിഞ്ഞു. ബാരിക്കേഡിന്റെ വശത്തു കൂടി പ്രവർത്തകർ അകത്തേക്ക് കടക്കാൻ ശ്രമിച്ചതോടെ പൊലീസ് രണ്ടുവട്ടം ലാത്തിവീശി. തുടർന്ന് പ്രവർത്തകർ സംഘടിച്ചെത്തിയെങ്കിലും കൂടുതൽ പൊലീസെത്തി പ്രവർത്തകരെ ഒാടിച്ചു. കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. വി എസ് ജോയി ഉദഘാടനം ചെയ്തു. കെ.എസ്.യു. ജില്ലാ പ്രസിഡന്റ് അൻസർ മുഹമ്മദ് അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല, കെ.എസ്.യു. ജില്ലാ ഭാരവാഹികളായ രാഹുൽ കൈതയ്ക്കൽ, ആഘോഷ് വി. സുരേഷ്, റെനോ പി. രാജൻ, റോബിൻ മോൻസി, നെസ്മൽ കാവിള, അലൻ ജിയോ മൈക്കൾ, നന്ദു ഹരി, അൽഷിഫാ മുഹമ്മദ്, അഖിൽ അഴൂർ എന്നിവർ പ്രസംഗിച്ചു.
ഒരു മണിയോടെയായിരുന്നു യുവമോർച്ചയുടെ പ്രതിഷേധം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് നാല് വട്ടം ജലപീരങ്കി പ്രയോഗിച്ചു. പിരഞ്ഞുപോകാൻ തയ്യാറാകാത്ത പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തു. യുവമോ൪ച്ച ദേശീയ സെക്രട്ടറി അനൂപ് ആ൯്റണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. ഹരീഷ് അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി ആർ. നിതീഷ്, ബി.ജെ.പി. മണ്ഡലം സെക്രട്ടറി സൂരജ് ഇലന്തൂർ, യുവമോ൪ച്ച ജില്ലാ ഭാരവാഹികളായ ശരത്ത്, അഖിൽ , ഹരി നീർവിളാകം, വിനു വി. പിള്ള, ശ്രീജിത്ത് തട്ട, ബി.ജെ.പി. തിരുവല്ല മണ്ഡലം വൈസ് പ്രസിഡന്റ് രാജ്പ്രകാശ്, യുവമോ൪ച്ച മണ്ഡലം പ്രസിഡന്റ് വിപിൻ വാസുദേവ്, മണ്ഡലം ജനറൽ സെക്രട്ടറി വിഷ്ണു പരുത്തിക്കാവ് എന്നിവർ പ്രസംഗിച്ചു.