പത്തനംതിട്ട: യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 19ന് നടന്ന യൂത്ത് കോൺഗ്രസ് കളക്ടറേറ്റ് മാർച്ചിലെ പൊലീസ് ലാത്തിച്ചർജിൽ കണ്ണന്റെ തല പൊട്ടിയ ഭാഗത്ത് ഡ്രസ് ചെയ്യാൻ പോയ ദിവസം നടത്തിയ കൊവിഡ് ‌ടെസ്റ്റിന്റെ ഫലം ഇന്നലെ പുറത്തു വന്നപ്പോഴാണ് പോസിറ്റീവാണെന്ന് കണ്ടത്. മാർച്ചിലെ സംഘർഷത്തിൽ കണ്ണന്റെ നേതൃത്വത്തിലുള്ള പ്രവർത്തകർ നിരവധി പൊലീസുകാരുമായി ഉന്തും തള്ളും നടന്നിരുന്നു. കൊവിഡ് സ്ഥിരീകരിച്ച വിവരം കണ്ണൻ ഫേസ്ബുക്കിലൂടെ അറിയിച്ചതിനെ തുടർന്ന് നിരവധി പ്രവർത്തകരും പത്തനംതിട്ട ഡിവൈ.എസ്.പി അടക്കം പൊലീസുകാരും ഇന്നലെ കൊവിഡ് ടെസ്റ്റിന് പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തി. പരിശോധനഫലം ഇന്നോ നാളയോ ലഭിച്ചേക്കും. കണ്ണനൊപ്പം അറുപതോളം യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരാണ് മാർച്ചിൽ പങ്കെടുത്തത്. ലോക്കൽ പൊലീസിനൊപ്പം പത്തനംതിട്ട എ.ആർ. ക്യാമ്പിലെ പൊലീസുകാരും ലാത്തിച്ചാർജ് നടത്തിയിരുന്നു.

ലാത്തിച്ചാർജ് ദിവസം തന്നെ ചികിത്സിച്ച വനിതാ ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് താനും പരിശോധന നടത്തിയതെന്ന് കണ്ണൻ ഫേസ്ബുക്കിൽ പറഞ്ഞു. വീട്ടിൽ വിശ്രമത്തിലാണ്. ആരോഗ്യ പ്രശ്നങ്ങളില്ല.