ചെങ്ങന്നൂർ: കൊവിഡ് പോസിറ്റീവായ യുവതിയുടെ വീട്ടിലെ അംഗങ്ങൾ ക്വാറന്റൈനിൽ കഴിയണം എന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശം ലംഘിച്ച് പുറത്തിറങ്ങിയതോടെ സമീപവാസികൾ ഭീതിയിൽ. നഗരസഭയുടെ തിട്ടമേൽ ഇരുപത്തൊന്നാം വാർഡിലെ ഒരു കുടുംബത്തിലുള്ള യുവതിക്കാണ് കൊവിഡ്. ഇൗ കാലയളവിൽ ക്വാറന്റൈൻ ലംഘിച്ച് മത്സ്യക്കച്ചവടത്തിന് പോയ കുടുംബത്തിലെ മറ്റൊരാൾക്കും കൊവിഡ് സ്ഥിരീകരിച്ചു. അതേ സമയം പാണ്ടവൻപാറ ഭാഗത്ത് കൊവിഡ് പോസിറ്റീവായ വീടുകളിലും സ്ഥലങ്ങളിലും കൊവിഡ് ജാഗ്രതാ സമിതി അംഗങ്ങളോ പ്രവർത്തകരോ ജനങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകിയിട്ടില്ലെന്ന് പരാതിയുണ്ട്. തിട്ടമേൽ വാർഡിനോട് ചേർന്ന പുലിയൂർ നാലാം വാർഡ് നൂറ്റവൻപാറ ശുഭാനന്ദാശ്രമം മേഖല കഴിഞ്ഞ ദിവസം കണ്ടൈൻ മെന്റ് സോണാക്കിയിരുന്നു.
നഗരത്തിലെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെയും മറ്റൊരു ബിസിനസ് സ്ഥാപനത്തിലേയും ജോലി ചെയ്തു വന്ന ചിലർക്ക് കൊവിഡ് ബാധിതരാണെന്ന് റിപ്പോർട്ടുണ്ട്.

ശാസ്താംപുറം ചന്തയിൽ ഇന്നലെ നടത്തിയ ആന്റിജൻ ടെസ്റ്റിൽ രണ്ടു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ അറിയിച്ചു. നഗരസഭാ ജീവനക്കാരന് കൊവിഡ് സ്ഥിതീകരിച്ചതിനെ തുടർന്ന് ഓഫീസ് പ്രവർത്തനം നിറുത്തിവച്ചതായി നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ അറിയിച്ചു. ഓഫീസ് പ്രവർത്തനം 28 മുതൽ പുനരാരംഭിക്കും. പൊതുജനങ്ങൾക്ക് ഓഫീസിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. രോഗം ബാധിച്ച ആളുമായി സമ്പർക്കമുള്ളവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.