അടൂർ: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ കൊവിഡ് ബാധിച്ച ജീവനക്കാരുടെ എണ്ണം 14 ആയി ഉയർന്നിട്ടും ഡിപ്പോ അധികൃതർ കാട്ടുന്ന അവഗണന സംബന്ധിച്ച കേരളകൗമുദി വാർത്തയെ തുടർന്ന് വിഷയത്തിൽ ചിറ്റയം ഗോപകുമാർ എം.എൽ. എ ഇടപെട്ടു. പരിശോധനയ്ക്ക് വിധേയരാകാത്ത ജീവനക്കാർക്ക് ഡിപ്പോയിൽ വച്ച് അടുത്ത ദിവസം തന്നെ പരിശോധന നടത്തുന്നതിന് മൊബൈൽ യൂണിറ്റിനെ അയയ്ക്കാൻ കളക്ടർ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. ഇത്തരമൊരു ആവശ്യം എ.ടി.ഒ ജില്ലാ ഭരണകൂടത്തിനോടോ, എം.എൽ.എയോടോ ആവശ്യപ്പെട്ടിരുന്നില്ല. പകരം ജീവനക്കാരെ അടൂർ ജനറൽ ആശുപത്രിയിലേക്ക് പരിശോധനയ്ക്കായി അയയ്ക്കുകയായിരുന്നു. അവിടെയാകട്ടെ പലയിടങ്ങളിൽ നിന്നുള്ള ആളുകൾക്കിടയിൽ നിന്ന് വലയേണ്ടി വന്നതിനാൽ പലരും പരിശോധനയ്ക്ക് വിധേയരാകാതെ മടങ്ങി. അതേസമയം പത്തനംതിട്ട ഡിപ്പോ അധികൃതർ ഒറ്റദിവസം കൊണ്ട് മുഴുവൻ ജീവനക്കാരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കി. അടൂർ ഡിപ്പോ അധികൃതരുടെ ഇത്തരത്തിലുള്ള അനാസ്ഥയിൽ ജീവനക്കാർക്കിടയിൽ കടുത്ത അമർഷം പുകയുന്നതു സംബന്ധിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു. 50 ഓളം ജീവനക്കാരുള്ളതിൽ നൂറിലധികം പേർ ഇനിയും പരിശോധനയ്ക്ക് വിധേയരാകാനുണ്ട്. ഇതിൽ ആർക്കൊക്കെ രോഗബാധ ഉണ്ടെന്ന കാര്യത്തിൽ നിശ്ചയമില്ല. അടുത്ത ദിവസങ്ങളിൽതന്നെ പരിശോധനയ്ക്ക് എത്താൻ മൊബൈൽ ടീം സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും ഡിപ്പോ അധികൃതർ 29 ന് നടത്തിയാൽ മതിയെന്ന തീരുമാനമാണ് എടുത്തിരിക്കുന്നത്. പ്രത്യേക സാഹചര്യത്തിൽ ഇത്രയും നീട്ടിവെച്ചത് എന്തിനെന്ന ചോദ്യമാണ് ജീവനക്കാർ ഉന്നയിക്കുന്നത്. ഭയപ്പാടോടെയാണ് ജീവനക്കാർ ജോലിക്ക് ഹാജരാകുന്നത്