തിരുവല്ല: തിരുവല്ല നഗരത്തിലെ പ്രധാന റോഡാണെന്ന് പറഞ്ഞിട്ട് കാര്യമില്ല.ചെളിക്കുളമാണ് പാലിയേക്കര-കാട്ടുക്കര റോഡ്. നഗരസഭയുടെ അഞ്ചു വാർഡുകളിലൂടെ കടന്നുപോകുന്ന റോഡ് തകർന്ന് തരിപ്പണമാണ്. വർഷങ്ങൾക്ക് മുമ്പ് ടാർ ചെയ്ത റോഡ് പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികൾ രൂപപ്പെട്ടതോടെ മഴയിൽ തടാകമായി. ചെളിവെള്ളം ഒഴുകിപ്പോകാൻ പലയിടത്തും ഓടയുമില്ല. ഇതുകാരണം ആളുകൾക്ക് നടന്നുപോകാൻ പോലും ഇടമില്ല. നഗരസഭയുടെ 31,32,33,34,35 വാർഡുകളിലൂടെയാണ് റോഡ് പോകുന്നത്. കാലാകാലങ്ങളിൽ നഗരസഭ അറ്റകുറ്റപ്പണി നടത്താറില്ല. തിരുവല്ല - മാവേലിക്കര സംസ്ഥാനപാതയിലൂടെ എത്തുന്ന വാഹന യാത്രികർക്ക് തിരുവല്ല നഗരത്തിലെത്താതെ എം.സി.റോഡിൽ പ്രവേശിക്കാനുള്ള എളുപ്പമാർഗം കൂടിയാണ് ഈ റോഡ്. പ്രതിദിനം നൂറുകണക്കിന് വാഹനങ്ങളാണ് പോകുന്നത്. റോഡിന്റെ തുടക്കത്തിലെ പാലിയേക്കര കുരിശടി മുതൽ ഗ്യാസ് ഏജൻസി ഗോഡൗൺ വരെയുള്ള ഭാഗവും സാൽവേഷൻ ആർമിക്ക് സമീപവും പൂർണമായും തകർന്നു കിടക്കുകയാണ്. മൂന്ന് കിലോമീറ്ററോളം ദൂരമുള്ള റോഡിലെ കുഴികളിൽ വീണ് അപകടങ്ങളും പതിവാണ്. റോഡിന്റെ തകർച്ച കാരണം ടാക്സി വാഹനങ്ങൾ വരാറില്ല.
റോഡ് വീതികൂട്ടി വികസിപ്പിക്കാൻ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ റോഡിന് പലഭാഗത്തും നാലുമീറ്റർ മാത്രമാണ് വീതിയുള്ളത്. പുതിയ മാസ്റ്റർപ്ലാൻ പ്രകാരം ഏഴുമീറ്റർ ഒഴിവാക്കിയാണ് നിർമ്മാണത്തിന് അനുമതി നൽകുന്നത്. വീതികൂട്ടി റോഡ് വികസിപ്പിച്ചാൽ നഗരത്തിൽ തിരക്കുണ്ടായാൽ ഈ റോഡിലൂടെ വാഹനങ്ങൾ തിരിച്ചുവിടാനും ഉപകരിക്കും.
-------------
ബിന്ദു വേലായുധൻ,
അസി.എക്സി.എൻജിനീയർ,
തിരുവല്ല നഗരസഭ