on

പത്തനംതിട്ട: കൊവിഡ് മൂലം ഒാൺലൈൻ പഠനമേ വിദ്യാർത്ഥികൾക്ക് സാദ്ധ്യമാകുവെങ്കിലും നെറ്റ് വർക്ക് തകരാർ വില്ലനാകുന്നു. അടുത്തിടെ രണ്ട് ടെലികോം കമ്പനികൾ ഒന്നായതോടെ നെറ്റ് വർക്ക് പരാതികൾ വർദ്ധിച്ചു. വിദ്യാർത്ഥികളും അദ്ധ്യാപകരും ഒരുപോലെ ബുദ്ധിമുട്ടുന്നു. വിക്ടേഴ്‌സ് ചാനലിലെ ക്ലാസുകൾ പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് ലഭ്യമാകുന്നതിനു പിന്നാലെ സ്‌കൂളുകളിൽ നിന്ന് കുട്ടികൾക്ക് തുടർപഠനത്തിനുള്ള നിർദ്ദേശങ്ങളും നോട്ടുകളും ഒാൺലൈനിലൂടെ അദ്ധ്യാപകർ നൽകുന്നുണ്ട്. അൺഎയ്ഡഡ് വിദ്യാലയങ്ങളിലും അദ്ധ്യാപകർ ഓൺലൈൻ ക്ളാസ് നടത്തുന്നുണ്ട്. ഇവയെല്ലാം കൃത്യമായ നെറ്റ് വർക്ക് സംവിധാനത്തിലൂടെ മാത്രമേ നടക്കു. വിക്ടേഴ്‌സ് ചാനലിലെ ക്ലാസുകൾ യു ട്യൂബ് മുഖേന വീണ്ടും ലഭിക്കുമെങ്കിലും സ്‌കൂളുകളിൽ നിന്നുള്ള ക്ലാസ് പിന്നീട് ലഭിക്കാൻ ബുദ്ധിമുട്ടുണ്ട്. ബി.എസ്.എൻ.എൽ നെറ്റ് വർക്ക് സംവിധാനം ഗ്രാമീണ മേഖലയിൽ തകരാറിലാണ്. ഇതോടെ സ്വകാര്യ നെറ്റ് വർക്ക് കമ്പനികളെയാണ് കുട്ടികളും രക്ഷിതാക്കളും ആശ്രയിച്ചുവരുന്നത്. നെറ്റ് വർക്ക് മിക്കപ്പോഴും തകാരാറിലാകുന്നതാണ് ഇപ്പോഴത്തെ പരാതികൾ. പല സ്വകാര്യ കമ്പനികൾക്കും വേണ്ടത്ര കവറേജ് ഇല്ലാത്ത പ്രദേശങ്ങൾ മലയോര മേഖലയിലുണ്ട്. ഇവിടങ്ങളിൽ ബി.എസ്.എൻ.എൽ കവറേജ് മെച്ചപ്പെടുത്തുമെന്ന് നേരത്തെ വാഗ്ദാനമുണ്ടായിരുന്നു. എന്നാൽ ക്ലാസുകൾ തുടങ്ങിയതിനുശേഷം പരാതികൾ പരിഹരിക്കാൻ യാതൊരു മാർഗവുമില്ല.

' പത്താം ക്ലാസിലാണ് മകൾ. നെറ്റ് കിട്ടുന്നില്ലെന്ന് അദ്ധ്യാപികയോട് പരാതി പറഞ്ഞപ്പോൾ വേറെ കണക്ഷൻ എടുക്കാനാണ് പറഞ്ഞത്.

'ബിന്ദു (മൈലപ്ര സ്വദേശി )

'' ഓൺലൈൻ പഠനത്തിന് മിക്ക കുട്ടികളും ഉത്സാഹം കാട്ടുന്നുണ്ട്. പക്ഷെ നെറ്റ് ഇല്ലാത്തത് വലിയ പ്രശ്നമാണ് .'

എസ്..രമേശ് ( അദ്ധ്യാപകൻ, എസ്.വി.എച്ച്.എസ്, പുല്ലാട്)