ചെങ്ങന്നൂർ : എൻജിനിയറിംഗ് കോളേജിൽ പുതിയതായി 300 കിടക്കകളുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ പുതിയതായി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ചുമതല ജില്ലാ ഭരണകൂടത്തെയോ മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയോ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ ജില്ലാ കളക്ടർക്ക് കത്ത് നൽകി.നിലവിൽ ക്രിസ്ത്യൻ കോളേജിൽ 150 പേർക്കുള്ള ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ നഗരസഭയുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വരികയാണ്. മൂന്നാം ഗ്രേഡ് നഗരസഭയായ ചെങ്ങന്നൂരിൽ ജീവനക്കാരെ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്കും തെരഞ്ഞെടുപ്പ് ചുമതലകൾക്കായും നിയോഗിച്ചിരിക്കുന്നതിനാൽ ഓഫീസിലെ അത്യാവശ്യ കാര്യങ്ങൾ പോലും നിർവഹിക്കാൻ ജീവനക്കാരില്ലാത്ത സ്ഥിതിയാണ്. പുതിയ സെന്ററിലേക്ക് വീണ്ടും ജീവനക്കാരെ നിയോഗിക്കപ്പെടുന്നതോടെ സുപ്രധാന കാര്യങ്ങൾ തടസപ്പെടും. മറ്റു സർക്കാർ വകുപ്പുകളിൽ നിന്ന് ക്രിസ്ത്യൻ കോളേജിലേക്ക് നിയോഗിച്ചവരെ ഇടയ്ക്ക് പിൻവലിക്കുകയും അവരുടെ ചുമതലകൂടി നഗരസഭാ ജീവനക്കാർക്ക് നൽകുകയും ചെയ്തിരിക്കുകയാണ്. ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ നിന്നുള്ള ജോലി കഴിഞ്ഞാൽ നിരീഷണത്തിൽ പോകേണ്ടിവരുന്നതിനാൽ ജീവനക്കാർ തിരിച്ച് നഗരസഭയിൽ ജോലിക്കെത്താൻ വൈകുകയും ചെയ്യും. ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേയും കൊവിഡ് കെയർ സെന്ററുകളിലെയും ജോലിക്കായി ഒരേസമയം പത്തു ശുചീകരണ തൊഴിലാളികളെങ്കിലും ആവശ്യമായി വരും. ഇതിനാൽ നഗരത്തിലെ ശുചീകരണ പ്രവർത്തനങ്ങൾ തടസപ്പെട്ടു കിടക്കുകയാണ്. ഇതിനു പുറമെ 300 പേർക്കുള്ള കിടക്കകളുള്ള പുതിയ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ആരംഭിച്ചാൽ നഗരസഭയിലെ പകുതിയോളം ജീവനക്കാരും ശുചീകരണ തൊഴിലാളികളേയും ഇതിനായി മാറ്റിനിറുത്തേണ്ടി വരും. എൻജിനിയറിംഗ് കോളേജിൽ തുടങ്ങാൻ ഉദ്ദേശിക്കുന്ന ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ജില്ലാ ഭരണകൂടം നേരിട്ട് ഏറ്റെടുത്ത് നടത്തുകയോ ഇതുവരെ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ആരംഭിക്കാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ചുമതല നൽകുകയോ ചെയ്യണമെന്നും ചെയർമാൻ കെ.ഷിബുരാജൻ നൽകിയ കത്തിൽ പറയുന്നു.