കോന്നി: ജില്ലയിൽ നിയമമനുസരിച്ച് പ്രവർത്തിക്കുന്ന പാറമടകൾക്ക് പാരിസ്ഥിതിക അനുമതി പുതുക്കി നൽകാതെ അദാനി ഗ്രൂപ്പിന്റെ വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി പാറ ഖനനം ചെയ്യാനുള്ള നീക്കത്തിൽ പ്രതിഷേധം ശക്തം. കലഞ്ഞൂർ പഞ്ചായത്തിലെ അഞ്ച് സർവേ നമ്പരുകളിൽ പെട്ട സർക്കാർ ഭൂമിയിലെ പാറ പൊട്ടിക്കാൻ കരാറുകാർക്ക് സംസ്ഥാന സർക്കാർ പാരിസ്ഥിതികാനുമതി നൽകി. നാരങ്ങാനം പഞ്ചായത്തിലും ഒരു പാറമടയ്ക്ക് ഉടൻ അനുമതി നൽകും. വിഴിഞ്ഞത്തിന് വേണ്ടി പൊട്ടിക്കുന്ന പാറയിൽ നിശ്ചിത ശതമാനം സ്വകാര്യ വ്യക്തികൾക്ക് വിൽക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇത് തങ്ങളുടെ വ്യവസായം തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് നിയപരമായി പ്രവർത്തിക്കുന്ന പാറമടകളുടെ ഉടമകൾ ആരോപിക്കുന്നു.

കലഞ്ഞൂർ പഞ്ചായത്തിലെ രാക്ഷസൻപാറയ്ക്ക് സമീപം കാരിക്കാംകുഴിക്കും ഇഞ്ചപ്പറയ്ക്കും ഇടക്കുള്ള പുറമ്പോക്കിൽ ആദ്യം ക്വാറി തുടങ്ങാനാണ് അനുമതി നൽകിയിട്ടുള്ളത്. അടുത്ത ഘട്ടത്തിൽ കള്ളിപ്പാറയിലും മുറിഞ്ഞകല്ലിലും ക്വാറികൾ തുടങ്ങും.

നാടിന്റെ പരിസ്ഥിതിയും പൈതൃകവും തകർത്ത് പാറമടകൾ തുടങ്ങാനുള്ള നീക്കത്തിനെതിരെ ശാസ്ത്രസാഹിത്യ പരിഷത്തും പരിസ്ഥിതി പ്രവർത്തകരും രംഗത്തുവന്നിട്ടുണ്ട്.

പാറമട പ്രവർത്തിപ്പിക്കുന്നതിന് പ്രാഥമിക അനുമതി നേടേണ്ടത് നേരത്തെ, അതത് ഗ്രാമ പഞ്ചായത്തുകളിൽ നിന്നായിരുന്നു. സംസ്ഥാന സർക്കാർ ഇൗ നിയമം തിരിച്ചാക്കി. ജില്ലാ ഭരണകൂടം, മൈനിംഗ് ആൻഡ് ജിയോളജി, പരിസ്ഥിതി വകുപ്പ് തുടങ്ങിയവയുടെ അനുമതി ലഭിച്ച ശേഷം അവസാന ഘട്ടത്തിൽ പഞ്ചായത്തിന്റെ എതിർപ്പില്ലാ സർട്ടിഫിക്കറ്റ് നേടണമെന്നാണ് പുതുക്കിയ ചട്ടം. ഫലത്തിൽ, പഞ്ചായത്തുകൾ എതിർത്താലും പാറമടകൾ തുടങ്ങാനാകും. പൊതുജനങ്ങളുടെ അഭിപ്രായം അറിയാനുള്ള പബ്ളിക് ഹിയറിംഗ് പ്രഹസനമായി മാറും.

വിഴിഞ്ഞം പദ്ധതിക്ക് തമിഴ് നാട്ടിൽ നിന്ന് കപ്പൽ മാർഗം പാറകളെത്തിക്കാനായിരുന്നു നേരത്തെയെടുത്ത തീരുമാനം. ഇതുപേക്ഷിച്ചാണ് പത്തനംതിട്ടയിലെ പുറമ്പോക്ക് ഭൂമിയിലെ പാറ പൊട്ടിക്കുന്നത്.

പഞ്ചായത്തിന്റെ നിലപാട് കാത്ത്

എൽ.ഡി.എഫ് ഭരിക്കുന്ന കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത് എന്ത് നിലപാട് സ്വീകരിക്കുമെന്ന് കാത്തിരിക്കുകയാണ് പരിസ്ഥിതി പ്രവർത്തകർ. പരിസ്ഥിതി വകുപ്പ് മുഖ്യമന്ത്രിയുടെതാണ്. പാറമടകൾക്ക് അനുമതി നൽകുന്ന മാനദണ്ഡം സർക്കാർ പരിഷ്കരിച്ച സ്ഥിതിക്ക് പഞ്ചായത്തുകളുടെ എതിർപ്പിന് പരിമിതിയുണ്ടെന്നാണ് ഭരണസമിതിയുമായി ബന്ധപ്പെട്ടവർ പറയുന്നത്. അതേസമയം, വിഴിഞ്ഞം പദ്ധതിക്കു വേണ്ടി പുതിയ പാറമടകൾ തുടങ്ങാനുള്ള നീക്കത്തെ ശക്തമായി എതിർക്കുമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് അറിയിച്ചു. പ്രക്ഷോഭത്തിന്റെ ഭാഗമായി പരിസ്ഥിതി പ്രവർത്തകരുടെ വെബിനാർ നടത്തി.

ഒാൺലൈൻ ഹിയറിംഗ് പ്രഹസനമാകും

പുതിയ പാറമടകൾക്ക് അനുമതി നൽകുന്നതിന് മുന്നോടിയായി ഇൗ മാസം 12ന് പരിസ്ഥിതി ആഘാത പഠന സമിതി പൊതുജനാഭിപ്രായം തേടും. ജനങ്ങൾക്ക് ഒാൺലൈൻ വീഡിയോ കോൺഫറൻസ് വഴി അഭിപ്രായം അറിയിക്കാം. കലഞ്ഞൂരിൽ മൊബൈൽ ഫോണുകൾക്ക് നെറ്റ് വർക്ക് കവറേജ് കുറവാണ്. പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാൻ കഴിഞ്ഞെന്നു വരില്ല. ഇത് കരാറുകാർ അവസരമാക്കുമോയെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആശങ്ക.

എതിർപ്പ് അറിയിക്കുമെന്ന് പഞ്ചായത്ത്

പുതിയ പാറമടകൾ തുടങ്ങുന്നതിലുള്ള എതിർപ്പ് അറിയിക്കുമെന്ന് കലഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് മനോജ് കുമാർ പറഞ്ഞു. നാളെ അടിയന്തര പഞ്ചായത്ത് കമ്മറ്റി കൂടി പ്രമേയം പാസാക്കും. ഇത് പരിസ്ഥിതി ആഘാത പഠന സമിതിക്ക് കൈമാറും. പബ്ളിക് ഹിയറിംഗിൽ താൻ പങ്കെടുത്ത് എതിർപ്പ് അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.