പത്തനംതിട്ട: സഹകരണ മേഖലയോട് സർക്കാർ കാണിക്കുന്ന അവഗണനയ്‌ക്കെതിരെയും ഈ മേഖലയിൽ ഉണ്ടായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കണമെന്നും ജീവനക്കാരുടെ വിവിധ അടിയന്തര ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടും കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് താലൂക്ക് ആസ്ഥാനങ്ങളിൽ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസ് പടിക്കൽ നാളെ ധർണ നടത്തും.
ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, സർക്കാരിന് ബാദ്ധ്യത ഇല്ലാതിരിക്കെ തടഞ്ഞുവച്ചിട്ടുള്ള ഡി.എ. കുടിശിക അനുവദിക്കുക, സബ് സ്റ്റാഫ് വിഭാഗത്തിൽപെട്ടവർക്ക് പ്രമോഷൻ നിഷേധിക്കുന്ന 1:4 ചട്ടം ഭേദഗതി ചെയ്യുക, 2, 4 ശനിയാഴ്ചകളിൽ അവധി അനുവദിക്കുക, കളക്ഷൻ ഏജന്റുമാരുടെ അടിയന്തര ആവശ്യങ്ങൾ അംഗീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംഘടന നടത്തുന്ന സമരത്തിന്റെ 3-ാം ഘട്ടമായാണ് ധർണ സംഘടിപ്പിച്ചിട്ടുള്ളത്.ഡി.സി.സി. പ്രസിഡന്റ്, ബാബു ജോർജ്ജ്, സംസ്ഥാന പ്രസിഡന്റ് ജോഷ്വാ മാത്യു, തോപ്പിൽ ഗോപകുമാർ എന്നിവർ വിവിധ സമ്മേളനം ഉദ്ഘാടനം ചെയ്യും.