ചെങ്ങന്നൂർ: ജില്ലാ ആശുപത്രിയിലെ വാഹനങ്ങൾ പിൻവലിച്ചതിൽ പ്രതിക്ഷേധം ശക്തമാകുന്നു.
നിലവിൽ കൊവിഡ് പ്രവർത്തനങ്ങൾക്ക് ആംബുലൻസ് ഇല്ല.. നഗരസഭാ ചെയർമാൻ കളക്ടർക്കും ഡി.എം.ഒയ്ക്കും കത്ത് നൽകിയിട്ടും പരിഹാരമായിട്ടില്ല. നിലവിലുള്ള വാഹനങ്ങൾ പിൻവലിച്ചതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ സ്രവപരിശോധനയ്ക്ക് പലർക്കും സമയത്ത് എത്താൻ സാധിക്കുന്നില്ല. കൂടാതെ ക്വാറന്റൈയ്‌നിൽ കഴിയുന്നവർക്ക് അടിയന്തര ചികിൽസ ലഭ്യമാക്കേണ്ടി വന്നാൽ അവരെ ആശുപത്രികളിൽ എത്തിക്കാൻ ആബുലൻസ് സൗകര്യം ജില്ലാ ആശുപത്രിയിൽ ലഭ്യമല്ല.നിരീക്ഷണത്തിൽ കഴിയുന്ന പലർക്കും സമാന രീതിയിൽ ചികിത്സ ലഭിക്കാൻ വൈകിയ സംഭവങ്ങളുണ്ട്.ഇത് ആരോഗ്യവകുപ്പിന്റെ ഗുരുതര വീഴ്ച്ചയാണെന്ന് സാമൂഹിക പ്രവർത്തകർ ആരോപിച്ചു.ആവശ്യമായ വാഹനങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ ജില്ലാ കളക്ടർക്കും ഡിഎംഒയ്ക്കും കത്ത് നൽകിയെങ്കിലും നടപടി വൈകുകയാണ്. നിയോജക മണ്ഡലത്തിലെ 10 പഞ്ചായത്തുകളിലെയും നഗരസഭയിലെയും സ്രവപരിശോധന നടത്തുന്നത് ചെങ്ങന്നൂരിലെ ജില്ലാ ആശുപത്രിയിലാണ്.നിരീക്ഷണത്തിൽ കഴിയുന്നവരെ വീടുകളിൽ നിന്നും കൊവിഡ് കെയർ സെന്ററുകളിൽ നിന്നും ആശുപത്രിയിലെത്തിച്ച് പരിശോധന നടത്താറുണ്ടായിരുന്ന ആറ് ഇന്നോവ കാറുകളും ആംബുലൻസുമാണ് പിൻവലിച്ചത്. പൊതുജന ആരോഗ്യ വിഭാഗത്തിൽ ജീവനക്കാരും കുറവാണ്. ഇതുമൂലം നഗരസഭയിലെ 27 വാർഡുകളിലെ പ്രവർത്തനങ്ങൾ യഥാസമയം നിർവഹിക്കാൻ സാധിക്കാതെ വരുന്നു.ഒരുദിവസം 150ഓളം പേരുടെ സ്രവപരിശോധനയാണ് ജില്ലാ ആശുപത്രിയിൽ നടക്കുന്നത്