തിരുവല്ല: ഹോം സ്റ്റേകളിലും ആഡംബര ഫ്ലാറ്റുകളിലും താമസിച്ച് കള്ളനോട്ട് നിർമ്മിച്ച് വിതരണം നടത്തിയിരുന്ന കേസിൽ പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിലെ മുഖ്യ പ്രതി ശ്രീകണ്ഡപുരം ചെമ്പേലി തട്ടപ്പറമ്പിൽ വീട്ടിൽ എസ്. ഷിബു (43), ഷിബുവിന്റെ ഭാര്യ സുകന്യ (31), ഷിബുവിന്റെ സഹോദരൻ തട്ടാപ്പറമ്പിൽ വീട്ടിൽ എസ്. സജയൻ (35), കൊട്ടരക്കര ജവഹർ നഗർ ഗാന്ധിമുക്ക് ലക്ഷംവീട് കോളനിയിൽ സുധീർ (40)എന്നിവരെയാണ് ഇന്നലെ തിരുവല്ല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. ഷിബുവിന്റെ പിതൃ സഹോദര പുത്രൻ കാഞ്ഞിരപ്പള്ളി കൊടുങ്ങൂർ തട്ടാപ്പറമ്പിൽ വീട്ടിൽ സജി(38) വ്യാഴാഴ്ച റിമാൻഡിലായിരുന്നു. 200,500, 2000 രൂപയുടെ നോട്ടുകളാണ് സംഘം പ്രധാനമായും നിർമ്മിച്ചിരുന്നത്. തിരുവല്ല കുറ്റപ്പുഴയിലെ ഹോം സ്റ്റേ കേന്ദ്രീകരിച്ച് നോട്ട് നിർമ്മിച്ച സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതികൾ പിടിയിലായത്. സുകന്യയെ അട്ടക്കുളങ്ങര വനിതാ ജയിലിലും മറ്റ് നാല് പേരെ അറ്റിങ്ങൽ സബ് ജയിലുമാണ് റിമാൻഡിൽ പാർപ്പിച്ചിരിക്കുന്നത്. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഇവരെ കസ്റ്റഡിയിൽ ലഭിക്കുന്നതിനുള്ള അപേക്ഷ അടുത്ത ദിവസം നൽകുമെന്ന് ഡിവൈ.എസ്.പി ടി. രാജപ്പൻ പറഞ്ഞു.