28-pta-para

കൂടൽ: ഒന്നിനുപുറകെ ഒന്നായി ക്രഷർ യൂണിറ്റുകൾ ഉയരുന്ന കലഞ്ഞൂർ പഞ്ചായത്തിൽ അടുത്ത ഇര രാക്ഷസൻ പാറയാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. പാറമടകളുടെ കേന്ദ്രമായ ഇവിടെ പുതുതായി 2 പാറമടകൾക്ക് കൂടി അനുമതി ലഭിച്ചു കഴിഞ്ഞു. സമീപത്തുള്ള പാറകളെല്ലാം ഖനനത്തിനായി വഴിമാറിയിട്ടും രാക്ഷസൻ പാറയിൽ ഇതുവരെ ഖനനാനുമതി ലഭിച്ചിട്ടില്ല .എങ്കിലും സമീപ ഭാവിയിൽ ഇവിടെ ക്വാറികൾ വരുമോ എന്ന ആശങ്കയിലാണ് നാട്ടുകാരും, പ്രകൃതി സ്‌നേഹികളും. കൂടൽ വില്ലേജിലെ സർവ്വേ നമ്പർ 341/6 ൽ ഉൾപ്പെടുന്ന 4.85 ഹെക്ടർ പ്രദേശത്തിനും സർവ്വേ നമ്പർ 288/ 1 ഉൾപ്പെടുന്ന 7.59 ഹെക്ടർ സ്ഥലത്തുമാണ് നിരാക്ഷേപ പത്രം നൽകിയിരിക്കുന്നത്. വിഴിഞ്ഞം പദ്ധതിക്കായി അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡാണ് ഖനനത്തിനുള്ള അപേക്ഷ നൽകിയത്. കൂടൽ വില്ലേജിലെ ജനവാസ മേഖലയിലെ കോട്ടപ്പാറ 12 വർഷങ്ങൾക്ക് മുൻപ് ഖനനം നിർത്തി വച്ച സർക്കാർ പുറംപോക്ക് സ്ഥലമാണ്. ഇഞ്ചപ്പാറയിലെ രാക്ഷസൻ പാറ, കുറവൻ കുറത്തിപ്പാറ, പുലിപ്പാറ എന്നിവ ഇവിടുത്തെ ജനങ്ങളുടെ വിശ്വാസത്തിന്റെ ഭാഗം കൂടിയാണ്. അതിരുങ്കലിലെ പടപ്പാറയിൽ തുടങ്ങി പുലിപ്പാറയിൽ അവസാനിക്കുന്ന ഈ പാറകൾ കിലോമീറ്ററുകൾ വ്യാപിച്ചു കിടക്കുന്നു. സ്വാഭാവിക വനത്തോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലെ ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയ്ക്ക് എന്നേ ഇവിടെ കോട്ടം സംഭവിച്ചു.

 നിത്യചൈതന്യ യതിയുടെ ധ്യാനസ്ഥലം

ഗുരു നിത്യചൈതന്യയതി ചെറുപ്പകാലത്ത് ധ്യാനത്തിനും എഴുത്തിനുമായി തിരഞ്ഞെടുത്ത സ്ഥലമായിരുന്നു രാക്ഷസൻ പാറ. അച്ചൻകോവിൽമല നിരകളുടെ മടിത്തട്ടിൽ കുടപ്പാറയും, പാലമലയും, രാജഗിരിയും, പാക്കണ്ടവും , ഇഞ്ചപ്പാറയും, കോട്ടപ്പുറവും, രാക്ഷസൻപാറയും തീർത്ത പ്രദേശങ്ങളാണ് ഇവിടുത്തെ ജനവാസമേഖലകൾ. 1994 ൽ ഇവിടെ പാറപ്പൊട്ടിക്കാൻ ആദ്യശ്രമം നടപ്പോൾ ഗുരു നിത്യചൈതന്യയതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം നടന്നത്.

 രാക്ഷസന്റെ കഥ

രാക്ഷസൻപാറയുമായി ബന്ധപ്പെട്ട് നിരവധി ഐതീഹ്യങ്ങളുണ്ട്. ആളുകളെ കൊല്ലുന്ന ദുഷ്ടനായ ഒരു രാക്ഷസൻ ഇവിടെയുണ്ടായിരുന്നത്രേ. ശല്യം സഹിക്കവയ്യാതെ ജനങ്ങൾ കലഞ്ഞൂർ മഹാദേവരുടെയും കൂടൽ ദേവിയുടെയും മുന്നിൽ അഭയം പ്രാപിച്ചു ദേവിയും, മഹാദേവരും ചേർന്ന് രാക്ഷസനെ അമ്പെയ്ത് കൊല്ലാൻ തീരുമാനിച്ചു. അതിനായി മറുകരയിലുള്ള നെൽപാടങ്ങൾക്ക് നടുവിൽ തറയുണ്ടാക്കി. ഇഞ്ചപ്പാറ ജംഗ്ഷന് സമീപം പുലത്തുപടി ഏലായിൽ 41 വർഷങ്ങൾക്ക് മുൻപ് വരെ ഈ തറയുണ്ടായിരുന്നു പിന്നീട് നിലങ്ങൾ തകർന്നുപോയപ്പോൾ തറയില്ലാതായി..ഇത് വില്ലൂന്നി തറയെന്ന് അറിയപ്പെട്ടു. പിൽക്കാലത്ത് കർഷകർ പാടത്തെ കൊയ്തും, മെതിയും നടത്തിയിരുന്നത് ഈ തറയിൽ വച്ചായിരുന്നു മഹാദേവർ ഈ തറയിൽ വില്ല് ഊന്നി അമ്പ് കുലച്ചുവിട്ട് രാക്ഷസനെ കൊന്നു അമ്പുകളേറ്റുവീണ രാക്ഷസനെ ചങ്ങലയിൽ വലിച്ച് പാറയ്ക്ക് മുകളിൽ കിടത്തി. മരണം ഉറപ്പുവരുത്താൻ വലിയ പാറ രാക്ഷസന്റെ മുകളിൽ ഉരുട്ടി വച്ചു അവസാന ശ്വാസം പുറത്തേക്ക് പോയപ്പോൾ വലിയ ശബ്ദത്തോടെ രാക്ഷസന്റെ മൂക്കുകൾ തുറന്നു. രാക്ഷസന്റെ മൂക്കുകൾ പോലെ പാറയിൽ കാണുന്ന ദ്വാരങ്ങൾ ഇതാണത്രേ.. രാക്ഷസൻ ഇരിക്കാനുപ യോഗിച്ചതെന്ന് വിശ്വസിക്കുന്ന കുരണ്ടിപ്പലകയും പാദങ്ങൾ പതിഞ്ഞ പാറയും ചങ്ങലപ്പാടുകളും മുൻപ് കാണാമായിരുന്നെങ്കിലും പിൽക്കാലത്തിവയെല്ലാം പൊട്ടിച്ചു മാറ്റപ്പെട്ടു.