ആറന്മുള: പ്രാഥമികാരോഗ്യകേന്ദ്രം എന്ന പേര് മാറ്റി ബ്ലോക്ക് പ്രാഥമികാരോഗ്യകേന്ദ്രം,കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, അവസാനം കുടുംബാരോഗ്യ കേന്ദ്രം എന്നതിൽ എത്തിയെന്നൊഴിച്ചാൽ എഴുപത് വർഷമായി വലിയ മാറ്റമൊന്നുമില്ല വല്ലനയിലെ പൊതുജനാരോഗ്യ കേന്ദ്രത്തിന്. മാറിയ സർക്കാരുകൾ ആരോഗ്യസാമൂഹ്യ വിഷയങ്ങൾ പരിഹരിക്കുവാൻ ഇപ്പോഴും ഇവിടം സജ്ജമായിട്ടില്ല. വല്ലന ഹെൽത്ത് ബ്ലോക്കിലെ കുളനട,മെഴുവേലി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടേയും പൊതുജനാരോഗ്യ പ്രവർത്തനങ്ങളുടേയും നേതൃത്വവും കോർഡിനേഷനും ഇവിടെയാണ് നടക്കേണ്ടത്.പ്രാഥമികാരോഗ്യ കേന്ദ്രമായി തുടങ്ങിയ കാലത്തുള്ള തസ്തികകളാണ് ഇപ്പോഴും ഉള്ളത്.അസി.സർജൻമാരുടെ രണ്ട് തസ്തികകൾ മാത്രം.കേരളത്തിൽ സ്ഥിരം സ്റ്റാഫ് നേഴ്‌സ് ഇല്ലാത്ത ഒരേ ഒരു ബ്ലോക്ക് ആരോഗ്യ കേന്ദ്രം വല്ലനായിരിക്കും.പ്രാഥമികാരോഗ്യ കേന്ദ്രമായ പലയിടങ്ങളിലും മൂന്ന് നേഴ്‌സുമാരുടെ വരെ തസ്തിക സൃഷ്ടിച്ചപ്പോഴാണ് കഴിഞ്ഞ 70 വർഷമായി വല്ലനയെ തസ്തികകൾ നിർണയിക്കുന്നതിൽ സർക്കാർ അവഗണിക്കുന്നത്.അറ്റൻഡറെ പോലും പുതുതായി നിയമിക്കാൻ കഴിയാത്തതിൽ നാട്ടുകാർ അമർഷത്തിലാണ്.കെട്ടിട്ടങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഏർപ്പെടുത്തുന്നതിൽ എം.എൽ.എ,എം.പി, ബ്ലോക്ക് പഞ്ചായത്തു ഫണ്ടുകൾ ഉപയോഗപ്പെടുത്തിട്ടുണ്ട്. 25 വർഷമായി പണി പൂർത്തികരിക്കാതെ കിടന്ന കെട്ടിടം ശിവദാസൻ നായർ എം.എൽ.എ ആയിരുന്നപ്പോൾ 40 ലക്ഷം രൂപ എം.എൽ.എ ഫണ്ടിൽ നിന്നും നൽകി പൂർത്തീകരിച്ചു.അവിടെയാണ് മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായുള്ള പകൽ വീട് പ്രവർത്തിക്കുന്നത്.
അധികൃതർ തിരിഞ്ഞു നോക്കുന്നില്ല
ജില്ലയുടെ അതിർത്തി പ്രദേശമായതിനാൽ ജില്ലാ മെഡിക്കൽ ഓഫീസറുൾപ്പെടെ ഇവിടെ വരാറില്ല. ജില്ലയിൽ എലിപ്പനി,ഡെങ്കിപ്പനി കേസുകൾ കൂടുതലുള്ള പ്രദേശം കൂടിയാണ് ഇവിടം. ഈ സാദ്ധ്യതകൾ എല്ലാം പരിഗണിച്ച് വല്ലന ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തെ കൂടി കോന്നി മെഡിക്കൽ കോളേജ് പരീശീലന കേന്ദ്രത്തിൽ ഉൾപ്പെടുത്തണമെന്ന് ജന ശാക്തീകരണ ഗവേഷണ കേന്ദ്രം കോഴഞ്ചേരി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടത്. ജില്ലാ ജനറൽ സെക്രട്ടറി എൻ.കെ.ബാലൻ ഉദ്ഘാടനം ചെയ്തു.പി.സി.രാജൻ,ഹനീഫാ,ചന്ദ്രശേഖരൻ നായർ, തങ്കമണി,തോമസ് ദാനിയേൽ എന്നിവർ സംസാരിച്ചു.
ആർദ്രം പദ്ധതിയിൽ ബ്ലോക്ക് പഞ്ചായത്താണ് താത്കാലികമായി ഡോക്ടർമാരേയും നേഴ്‌സുമാരേയും നിയമിച്ച് ശമ്പളം നൽകുന്നത്. ഈ ആരോഗ്യ സ്ഥാപനത്തെ ജില്ലാ മെഡിക്കൽ ഓഫീസ് തുടർച്ചയായി അവഗണിക്കുകയാണ്.ജനപ്രതിനിധികൾ ആർജ്ജവം കാട്ടാത്തതാണ് ഇവിടുത്തെ മുഖ്യ പ്രതിസന്ധിക്ക് കാരണം.
വല്ലന എൻ.കെ.ബാലൻ
(ജനശാക്തീകരണ ഗവേഷണ കേന്ദ്രം ജനറൽ സെക്രട്ടറി)
-70 വർഷമായി മാറ്റമില്ല