uthara
നീരൊഴുക്ക് നിലച്ച് കാടുമൂടിക്കിടക്കുന്ന ഉത്തരപ്പള്ളിയാറ്

ചെങ്ങന്നൂർ- ഉത്തരപ്പള്ളിയാറിനെ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ജാഗ്രതാ സമിതി. കൈയേറ്റം മൂലം നാശാവസ്ഥയിലായ ആറിന് പഴയ മുഖം തിരിച്ചു നൽകാനുള്ള തീരുമാനത്തിലാണ് പ്രവ‌ർത്തകർ. ഇതിനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.

ചെങ്ങന്നൂർ താലൂക്കിൽ വെണ്മണി പഞ്ചായത്തിൽ കൂടി ഒഴുകുന്ന ആറ് ഒരു കാലത്ത് ജലസമൃദ്ധമായിരുന്നു. ആലാ, ചെറിയനാട്, പുലിയൂർ, ബുധനൂർ പഞ്ചായത്തുകളിൽ കൂടി ഒഴുകി ബുധനൂർ ഇല്ലിമലയിലെത്തി കുട്ടമ്പേരൂർ ആറുമായി സംയോജിച്ച് പമ്പയാറ്റിൽ പതിക്കുന്ന ആറിന് 18 കിലോമീറ്റർ നീളമേയുള്ളു ഇപ്പോൾ.

സാമാന്യം വലിപ്പമുള്ള കൈവഴികൾ ഉൾപ്പടെ 34 കിലോമീറ്റർ ആയിരുന്നു മുമ്പ് നീളം. വെണ്മണി മുതൽ ബുധനൂർ വരെ നീണ്ടു കിടക്കുന്ന 3,000 ഹെക്റ്റർ നെൽപാടങ്ങളും കരിമ്പ്, തെങ്ങ് തുടങ്ങിയ കൃഷിയും ആറിന്റെ തീരപ്രദേശങ്ങളിൽ മുമ്പ് സമൃദ്ധമായിരുന്നു. ആലപ്പുഴയിലേക്ക് കെട്ടുവള്ളങ്ങളിൽ നെല്ലും, കരിമ്പും കൊപ്രയും മറ്റ് പച്ചക്കറികളും കച്ചവടത്തിനായി കൊണ്ടുപോയിരുന്നത് ആറ്റിലൂടെ ആയിരുന്നു.

 ദയനീയം ഇൗ കാഴ്ച

ആറിന്റെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്. പലഭാഗവും കൈയേറി വീടുകൾ വെച്ചിരിക്കുന്നു. റോഡുമുണ്ട്. ആറ്റിൽ വെള്ളം പൊങ്ങുമ്പോൾ ഇൗ വീടുകളിൽ വെള്ളം കയറുമെന്നതിനാൽ പഞ്ചായത്ത് നദീമുഖം അടയ്ക്കുക പോലും ചെയ്തു. ഇതോടെ ഒഴുക്ക് നിലച്ചു.

ആരും ചോദിക്കാനില്ലാത്ത അവസ്ഥയിൽ കൈയേറ്റം നിർബാധം തുടരുകയായിരുന്നു.. ചില ഭാഗങ്ങളിൽ നാല് അടി മാത്രമേയുള്ളു. രൂക്ഷമായ പരിസ്ഥിതി പ്രശ്നം സൃഷ്ടിക്കുന്ന ഇൗ അവസ്ഥയ്ക്ക് പരിഹാരം കാണാനാണ് ജാഗ്രതാ സമിതി ആരംഭിച്ചത്. പ്രവർത്തനത്തിന് പ്രമുഖർ ആശംസ നേർന്നതോടെ ആവേശത്തിലാണ് ജാഗ്രതാ സമിതി പ്രവത്തകർ. കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ , മിസോറാം ഗവർണർ ശ്രീധരൻ പിള്ള , മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, കാനം രാജേന്ദ്രൻ, ശിവഗിരി മഠം സ്വാമി സാന്ദ്രാനന്ദ, സജി ചെറിയാൻ എംഎൽഎ, മെട്രോമാൻ ഇ ശ്രീധരൻ, ദയാബായി, മുൻ എം.എൽ.എ ശോഭന ജോർജ് , ആദിത്യ വർമ്മ, ജോജി ചെറിയാൻ, ലെജു കുമാർ , ഫാ. കെ. എം. വർഗീസ് കളീക്കൽ, എബി ജെ.ജോസ് എന്നിവർ ആശംസകൾ അറിയിച്ചു.