പന്തളം:പന്തളം നഗരസഭയിലെ ഐരാണിക്കുടിയിൽ കോഴിവേസ്റ്റും മറ്റ് മാംസാവശിഷ്ടങ്ങളും കക്കൂസ് മാലിന്യങ്ങളും ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളുന്നത് പതിവാകുന്നു.സി.സി.ടി.വി.കാമറ സ്ഥാപിക്കുമെന്ന മുനിസിപ്പൽ കമ്മിറ്റി തീരുമാനം ഇതുവരെയും നടപ്പിലായില്ല. കൗൺസിലർ കെ.ആർ വിജയകുമാർ അനശ്ചിതകാല സത്യാഗ്രഹ സമരത്തിന് ഒരുങ്ങുകയാണ്. ജില്ലയുടേയും പന്തളം നഗരസഭയുടേയും പടിഞ്ഞാറേ അതിർത്തിയിൽ രാത്രികാലങ്ങളിൽ ലോഡുകണക്കിന് കോഴിവേസ്റ്റും മാംസാ വിശിഷ്ടങ്ങളും കക്കൂസ് മാലിന്യങ്ങളും തള്ളുന്നത് പതിവാണ്.ദുർഗന്ധം മൂലം വീട്ടിലിരിക്കാനോ വഴിയാത്രയ്‌ക്കോ കഴിയാത്ത അവസ്ഥയാണ്.വേസ്റ്റിനു മുകളിൽ മണ്ണിടാൻ വന്ന വാഹനം കൗൺസിലറും നാട്ടുകാരും ചേർന്ന് തടയുകയും സി.സി. ടി.വി.സ്ഥാപിക്കാനുള്ള കൗൺസിൽ തീരുമാനം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു. പൊലീസ് അധികാരികളുടെ സാന്നിദ്ധ്യത്തിൽ മുനിസിപ്പൽ സെക്രട്ടറി ചെയർപേഴ്‌സൺ എന്നിവർ ഒരു മാസത്തിനകം കാമറാ സ്ഥാപിക്കാമെന്ന നൽകിയ ഉറപ്പിൻമേലാണ് വേസ്റ്റിനു മുകളിൽ മണ്ണിടാൻ അനുവദിച്ചത് . ഇത് നടപ്പിലാകാത്ത സാഹചര്യത്തിൽ ഒക്ടോബർ 2ന് ഗാന്ധിജയന്തി ദിനം മുതൽ സി.സി. ടി.വി.സ്ഥാപിക്കാനുള്ള മുനിസിപ്പൽ കമ്മിറ്റി തീരുമാനം നടപ്പിലാകുന്നതുവരെസത്യാഗ്രഹ സമരം നടത്തുമെന്ന് കാണിച്ച് മുനിസിപ്പൽ സെക്രട്ടറിക്കും നോട്ടീസ് നൽകിയിരിക്കുകയാണ്.