പത്തനംതിട്ട: രണ്ടായിരം കോടിയിലേറെ രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായ പോപ്പുലർ ഫിനാൻസ് ഉടമകളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ സർക്കാർ തീരുമാനിച്ചെങ്കിലും പണം നഷ്ടപ്പെട്ടവർക്ക് എത്രമാത്രം തുക തിരിച്ചുകിട്ടുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ആകെ 124 കോടി രൂപയുടെ സ്വത്തുക്കളെ കുറിച്ചാണ് ഉടമകൾ അന്വഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുള്ളത്. പ്രതികളെ ഒരുമിച്ചിരുത്തി വിശദമായി ചോദ്യം ചെയ്താലും രണ്ടായിരം കോടി തിരിച്ചു പിടിക്കാൻ സാദ്ധ്യത ഒട്ടുമില്ലെന്നാണ് വിലയിരുത്തൽ. നിക്ഷേപകരുടെ പണം തട്ടിയെടുക്കാനുള്ള ആസൂത്രിത നീക്കം തുടങ്ങുന്നതിന് ആറ് മാസം മുൻപെങ്കിലും, ഉടമകൾ സമ്പാദിച്ചു കൂട്ടിയ സ്വത്തുക്കൾ ബിനാമി പേരുകളിലേക്കു മാറ്റുകയോ വിൽക്കുകയോ ചെയ്തിട്ടുണ്ടാകുമെന്ന് ഒരു അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. ഏറിയാൽ 200 കോടിയുടെ സ്വത്തുക്കൾ മാത്രമേ കണ്ടുകിട്ടാൻ സാദ്ധ്യത കാണുന്നുള്ളൂ. ഇത് നിക്ഷേപകർക്കെല്ലാം കൂടി നഷ്ടമായതിന്റെ നാലിലൊന്നു പോലുമില്ല.
കണ്ടുകെട്ടുന്ന സ്വത്തുക്കൾ ലേലം ചെയ്തോ, വിറ്റോ നിക്ഷേപകരുടെ പണം തിരികെ നൽകുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. എന്നാൽ, ഇത് പ്രായോഗികമല്ലെന്ന് നിക്ഷേപകർ വ്യക്തമാക്കുന്നു. അഞ്ച് ലക്ഷം മുതൽ മൂന്ന് കോടി വരെ നഷ്ടപ്പെട്ടവരാണ് നിക്ഷേപകർ. ഇതുവരെ വിവിധ പൊലീസ് സ്റ്റേഷനിൽ മുന്നൂറോളം ആളുകൾ പരാതി നൽകിയിട്ടുണ്ട്. ഉടമകളുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് അറിഞ്ഞതോടെ കോടികൾ നഷ്ടപ്പെട്ടവരും പരാതികളുമായി രംഗത്തു വന്നിട്ടുണ്ട്.
റവന്യു, പൊലീസ് വിഭാഗങ്ങൾ സംയുക്തമായാണ് സ്വത്ത് കണ്ടുകെട്ടാൻ നടപടിയെടുക്കുന്നത്. പോപ്പുലർ ഉടമകളുടെ സ്വത്തുവിവരങ്ങൾ ശേഖരിക്കാൻ രജിസ്ട്രേഷൻ ഐ.ജിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലും ആന്ധ്രയിലും തമിഴ്നാട്ടിലുമുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടുന്നത്. ഉടമകളുടെ പേരിൽ നിലവിലുള്ള സ്വത്തുക്കളുടെ രേഖകൾ പൊലീസ് പിടിച്ചെടുത്തിരുന്നു. ആന്ധ്രയിലും തമിഴ്നാട്ടിലുമുള്ള ഭൂമികൾ, കാെച്ചിയിലെ ഫ്ളാറ്റുകൾ, ആഡംബര കാറുകൾ എന്നിവ അതിലുണ്ട്. 15 വാഹനങ്ങൾ പത്തനംതിട്ട എ.ആർ ക്യാമ്പിൽ എത്തിച്ചിട്ടുണ്ട്.
ഫയലുകൾ സി.ബി.ഐയിലേക്ക്
തട്ടിപ്പ് കേസ് ഹൈക്കോടതിയും സർക്കാരും സി.ബി.ഐക്ക് കൈമാറിയിട്ടുണ്ട്. അന്വേഷണ സംഘത്തിന് ലഭിച്ച മുഴുവൻ കേസ് ഫയലുകളും സി.ബി.ഐക്ക് ഉടൻ കൈമാറുമെന്ന് പത്തനംതിട്ട പൊലീസ് ചീഫ് കെ.ജി.സൈമൺ പറഞ്ഞു. അറസ്റ്റിലായ പോപ്പുലർ ഫിനാൻസ് ഉടമകൾ തോമസ് ഡാനിയേൽ, ഭാര്യ പ്രഭ, മക്കളായ റിനു, റേബ, റിയ എന്നിവർ റിമാൻഡിലാണ്. ഇവരെ ഒരുമിച്ച് ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ കിട്ടണമെന്ന് പൊലീസ് പത്തനംതിട്ട കോടതിയിൽ അപേക്ഷ നൽകിയിരുന്നു. റിയയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ നടപടികൾ നീളും.
നിക്ഷേപകർ രാഷ്ട്രീയമായി ഭിന്നിച്ചു
പോപ്പുലർ ഫിനാൻസ് നിക്ഷേപകരിൽ മിക്കവരും സി.പി.എം, കോൺഗ്രസ്, ബി.ജെ.പി എന്നിങ്ങനെ മൂന്ന് തട്ടുകളിലായി. സി.പി.എം നേതൃത്വത്തിൽ പാേപ്പുലർ ഫിനാൻസിനെതിരെ ആദ്യ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. പിന്നാലെ കോൺഗ്രസിന്റെ പോപ്പുലർ ഇൻവെസ്റ്റേഴ്സ് ഹെൽപ്പ് ലൈൻ, ബി.ജെ.പിയുടെ പോപ്പുലർ ഇൻവെസ്റ്റേഴ്സ് ആക്ഷൻ കൗൺസിൽ എന്നിങ്ങനെയാണ് രാഷ്ട്രീയമായി സംഘടിച്ചിരിക്കുന്നത്. രാഷ്ട്രീയമില്ലാതെ, പരാതിക്കാരുടെ നേതൃത്വത്തിൽ മാത്രം രൂപീകരിച്ച ആക്ഷൻ കൗൺസിൽ ഇതോടെ പൊളിഞ്ഞു. ആക്ഷൻ കൗൺസിലിലെ പ്രധാന ഭാരവാഹികൾ ബി.ജെ.പി ക്യാമ്പിലെത്തുകയും ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ് ബി.ജെ.പിക്കാരായ നിക്ഷേപകരുടെ സംഗമം ഉദ്ഘാടനം ചെയ്തത്. കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ സമര പരിപാടികൾ നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ഓരോ പരാതിയിലും കേസെടുക്കും
പണം നഷ്ടപ്പെട്ട ഓരോ നിക്ഷേപകനും നൽകുന്ന പരാതിയിൽ പ്രത്യേകം എഫ്.ഐ.ആർ ഇട്ട് കേസെടുക്കാൻ ഡി.ജി.പിയുടെ നിർദേശം. പരാതികളെല്ലാം പോപ്പുലർ ഫിനാൻസിന്റെ ആസ്ഥാനമായ കോന്നിയിലെ പൊലീസ് സ്റ്റേഷനിൽ ഒറ്റക്കേസായി രജിസ്റ്റർ ചെയ്യണമെന്ന മുൻ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് പുതിയ നിർദേശം. അതേസമയം, കേസ് സി.ബി.എയ്ക്ക് വിട്ടതോടെ സംസ്ഥാനത്തെ പല പൊലീസ് സ്റ്റേഷനുകളും കേസെടുക്കാൻ വസമ്മതിക്കുകയാണെന്ന് നിക്ഷേപകർ പരാതിപ്പെടുന്നു.
അട്ടിമറിയെന്ന് ആരോപണം
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് അന്വേഷിച്ച് പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് ആത്മാർത്ഥമായി പ്രവർത്തിച്ച കൊന്നി എസ്.എച്ച്.ഒ സി.എസ് രാജേഷിനെ സ്ഥലം മാറ്റിയത് കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമാണെന്ന് കോൺഗ്രസിന്റെ പോപ്പുലർ ഇൻവെസ്റ്റേഴ്സ് ഹെൽപ്പ് ഡെസ്ക് കൺവീനർ സാമുവൽ കിഴക്കുപുറം ആരോപിച്ചു. കേസിൽ ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കുന്നതിൽ കാര്യക്ഷമമായി പ്രവർത്തിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് ദുരൂഹമാണെന്ന് അദ്ദേഹം പറഞ്ഞു.
''
അന്വേഷണ സംഘത്തിന് ലഭിച്ച മുഴുവൻ കേസ് ഫയലുകളും സി.ബി.ഐയ്ക്ക് ഉടൻ കൈമാറും- പത്തനംതിട്ട പൊലീസ് ചീഫ് കെ.ജി.സൈമൺ