ലോക നദി ദിനമായിരുന്നു സെപ്തംബർ 27. ദേശീയ തലത്തിൽ ഗംഗയിൽ നദി ദിനം ആഘോഷിച്ചു. കേരളം ഇൗ ദിവസത്തെപ്പറ്റി ഒാർത്തതേയില്ല. നദി ദിനം ആഘോഷിക്കാനായി നമ്മുടെ നാട്ടിൽ എന്തുണ്ടായിരുന്നു എന്ന ചോദ്യം സ്വാഭാവികം. നദികൾ കൈയേറി കെട്ടിടങ്ങൾ പണിതതിന്റെ ചരിത്രമാണ് നമുക്കുള്ളത്.
2018ലെ മഹാപ്രളയത്തിൽ നദികൾ പലതും അവയുടെ പഴയ വഴിയേ കുതിച്ചു പാഞ്ഞിരുന്നു. കയ്യേറ്റങ്ങളെയെല്ലാം വിഴുങ്ങിയാണ് അലച്ചൊഴുകിയത്. എന്നിട്ടും കവർന്നെടുത്തവയൊന്നും നാം തിരിച്ചു കൊടുത്തില്ല. അതുകൊണ്ട് ആഘോഷിക്കാനായി നമുക്ക് പ്രത്യേകിച്ച് ഒന്നുമുണ്ടായില്ല. പക്ഷേ, ജനകീയ മുന്നേറ്റത്തിലൂടെ ഒരു നദിയ്ക്ക് അതിന്റെ പഴയ വഴി വെട്ടിക്കൊടുത്ത ഒരു ചരിത്രം സമീപകാലത്ത് പത്തനംതിട്ടയിലുണ്ടായിരുന്നു. വരണ്ടുണങ്ങിയ വരട്ടാർ, കൈയേറ്റക്കാരിൽ നിന്ന് മോചിതയായി മൂന്നു വർഷമായി നിറഞ്ഞൊഴുകുന്നു. ഇൗ നദി ദിനത്തിൽ വരട്ടാറിനെ ഒാർക്കാമായിരുന്നു. വരട്ടാറിനെ മാതൃകയാക്കി പല നദികളുടെയും പഴയ വഴി തിരിച്ചുപിടിക്കാൻ തുടക്കമിടാമായിരുന്നു.
വരട്ടാറിന്റെ പുനർജന്മം
വരണ്ടുണങ്ങിയ വരട്ടാർ കയ്യേറ്റത്താൽ കരഭൂമിയായിരുന്നു. ഒാർമകളിൽ മാത്രമായ പുഴയെ വീണ്ടെടുക്കാനാകുമോ എന്ന് സംശയം. അസാദ്ധ്യമെന്ന് ചിലർ എഴുതിത്തള്ളിയപ്പോൾ സംഘടനകളും കമ്മറ്റികളും ഇല്ലാതെ ഒരുകൂട്ടം ആളുകൾ പുഴ ഒഴുകിയ വഴിയേ നടന്നു, 'വരട്ടെ ആർ ' എന്ന് ഉച്ചത്തിൽ പറഞ്ഞു. നാടൊന്നാകെ ചേർന്ന് വരട്ടാറിന്റെ വഴി വെട്ടിയെടുത്തു. മൂന്നര പതിറ്റാണ്ടായി അപ്രത്യക്ഷമായിരുന്ന പമ്പയുടെ കൈവഴിയായ വരട്ടാർ, മൂന്നു വർഷമായി നിറഞ്ഞൊഴുകുന്നു. നദിയിൽ നാട്ടുകാർ വള്ളംകളി നടത്തുന്നു. 2013ൽ അന്നത്തെ ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എൻ.രാജീവ് പത്തനംതിട്ട കളക്ടറായിരുന്ന പ്രണബ് ജ്യോതിനാഥിനെ കണ്ട്, വരട്ടാറിനെ പുനരുജ്ജീവിപ്പിച്ചാൽ ഇരവിപേരൂർ, കോയിപ്രം, കുറ്റൂർ ഗ്രാമ പഞ്ചായത്തുകളെ വരൾച്ചയിൽ നിന്ന് രക്ഷിക്കാം എന്ന ആശയം അവതരിപ്പിച്ചു. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ നഗരസഭയ്ക്കും തിരുവൻവണ്ടൂർ പഞ്ചായത്തിനും പ്രയോജനകരമാകുമെന്നും ചൂണ്ടിക്കാട്ടി. കളക്ടർ പ്ളാൻ ആവശ്യപ്പെട്ടു. ഇരവിപേരൂർ, കോയിപ്രം, കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിച്ചു. ഇരവിപേരൂരിലെ കൈയേറ്റം അളന്നു. യന്ത്രം ഇറക്കാൻ അനുമതി ഇല്ലാതിരുന്നതിനാൽ തൊഴിലുറപ്പ് പദ്ധതിയിൽ നദീ പുനരുജ്ജീവനം ആരംഭിക്കാനുള്ള ശ്രമം പരാജയപ്പെട്ടു.
2017ൽ ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്സൺ ഡോ.ടി.എൻ.സീമയ്ക്ക് വിശദമായ പദ്ധതി സമർപ്പിച്ചു. തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ വരട്ടാറിൽ ജനകീയ വീണ്ടെടുപ്പിന് തീരുമാനമായി. 'വരട്ടെ ആർ' എന്ന വാട്സ് ആപ്പ് ഗ്രൂപ്പ് പിറന്നു. പുഴ വീണ്ടെടുക്കാൻ ജനകീയ ധനസമാഹരണത്തിൽ 28.52 ലക്ഷം രൂപ ലഭിച്ചു. ആദ്യ ദിവസത്തെ ചെലവ് 16800 രൂപ മന്ത്രിയായിരുന്ന മാത്യു ടി. തോമസ് നൽകി. മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ പുഴനടത്തം ജനകീയ പരിപാടിയായി. നാട് ഒറ്റക്കെട്ടായി വരട്ടാറിന്റെ വീണ്ടെടുപ്പ് പൂർത്തിയാക്കിയതിന്റെ ഒൗപചാരിക പ്രഖ്യാപനം 2017 സെപ്തംബർ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തി. ഇരവിപേരൂരിനടുത്ത് പുതുക്കുളങ്ങരയിൽ പമ്പയുടെ കൈവഴിയായി തുടങ്ങി ചെങ്ങന്നൂർ ഇരമല്ലിക്കരയിൽ മണിമലയാറിൽ ചേരുന്നു. 12 കിലോമീറ്ററാണ് വരട്ടാറിന്റെ നീളം. 80 മുതൽ 125 മീറ്റർ വരെ വീതിയുണ്ട്. രണ്ടാം ഘട്ടത്തിൽ മൂന്ന് വലിയ പാലങ്ങളും നടപ്പാതകളും നിർമിക്കുന്നതിന് 70 കോടി അനുവദിച്ചു. വരട്ടാർ പുനരുജ്ജീവനത്തിന്റെ തുടർച്ചയായി തീരത്ത് ജൈവവൈവിദ്ധ്യ പാർക്ക് നിർമിക്കും. വിശദമായ പദ്ധതി സംസ്ഥാന ജൈവവൈവിദ്ധ ബോർഡിന്റെ പരിഗണനയിലാണ്. മരങ്ങൾ, ഒൗഷധ സസ്യങ്ങൾ, ഫലവൃക്ഷങ്ങൾ തുടങ്ങിയവയാണ് പദ്ധതിയിലുള്ളത്.
വരട്ടാർ തീരത്ത് പുറമ്പോക്ക് ഭൂമി സ്വകാര്യവ്യക്തികൾ കൈയേറാതിരിക്കുന്നതിനാണ് നടപ്പാത ലക്ഷ്യമിടുന്നത്. വരട്ടാർ തുടക്കം മുതൽ അവസാനം വരെ നടന്ന് കാണുന്നതിന് അവസരം ഒരുക്കുക എന്നതും ലക്ഷ്യമാണ്. ഇത് സാദ്ധ്യമാക്കാൻ മൂന്ന് മീറ്റർ ഉയരമുള്ള വേലിക്കല്ലുകൾ ആളുകൾക്ക് നദി കാണാവുന്ന വിധത്തിൽ തുടർച്ചയായി സ്ഥാപിച്ചാലും മതി. മാത്രമല്ല കയർ ഭൂവസ്ത്രം ഉപയോഗിച്ച് തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ നടപ്പാത നിർമ്മിച്ചാൽ പൂർണമായും ജൈവവൈവിദ്ധ്യ പാർക്കെന്ന ലക്ഷ്യത്തിന് ആഗോള മാതൃക തന്നെ സൃഷ്ടിക്കാൻ കഴിയും. ഇതിലൂടെ ബന്ധപ്പെട്ട പഞ്ചായത്തുകളിൽ കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനും സാധിക്കും. വരട്ടാറിൽ നടത്തേണ്ട കാര്യങ്ങളും നടത്തിയ പ്രവർത്തനങ്ങളുടെ വിലയിരുത്തലിനും സർക്കാർ സ്ഥാപനമായ കിറ്റ്കോയെ ചുമതലപ്പെടുത്തിയിട്ടുുണ്ട്.
വരട്ടാറിനെ
മാതൃകയാക്കാം
നദികളെ വീണ്ടെടുത്ത വരട്ടാർ മാതൃക സംസ്ഥാന വ്യാപകമായി നടപ്പാക്കാമായിരുന്നു. ഇതിന് നദീതീരങ്ങളിലെ വൻകിട റിസോർട്ടുകൾ പലതും പൊളിക്കേണ്ടിവരും. വലിയ റിസോർട്ടുകളും കൂറ്റൻ കെട്ടിടങ്ങളും ഇല്ലാതിരുന്നതിനാലാകാം വരട്ടാറിനെ വീണ്ടെടുക്കാൻ കഴിഞ്ഞത്. നദി കൈയേറി വളച്ചുകെട്ടിയ പലയിടത്തും തെങ്ങും കവുങ്ങും റബറും തേക്കും പ്ളാവുമൊക്കെയായിരുന്നു. ജനകീയ മുന്നേറ്റത്തിൽ അതെല്ലാം കടപുഴകി. കൈയേറ്റങ്ങൾ ഒഴിപ്പിച്ച് ജനപങ്കാളിത്തത്തോടെ പുഴയെ വീണ്ടെടുത്ത പദ്ധതി സംസ്ഥാനത്ത് ആദ്യത്തെ സംരംഭമായിരുന്നു വരട്ടാറിലേത്. വരട്ടാർ മാതൃകയിൽ ഭാരതപ്പുഴയിലെ കൈയേറ്റം ഒഴിപ്പിച്ച് പുഴയുടെ വിസ്തൃതി വീണ്ടെടുക്കാനുള്ള പദ്ധതിയുടെ ചുമതല മെട്രോമാൻ ഇ. ശ്രീധരനെ ഏൽപ്പിച്ചിട്ടുണ്ട്. അദ്ദേഹം വരട്ടാർ സന്ദർശിക്കാനിരിക്കെയാണ് ലോക്ക് ഡൗൺ പ്രഖ്യപിച്ചത്. വരട്ടാറിലെ കയ്യേറ്റം പോലെയല്ല ഭാരതപ്പുഴയിലേത്. പലയിടത്തും റിസോർട്ടുകളുണ്ട്. വലിയ കെട്ടിടങ്ങളുണ്ട്. അതൊക്കെ പൊളിക്കുകയാണ് ആദ്യ വെല്ലുവിളി. ശ്രീധരനുള്ള ഇച്ഛാശക്തി സർക്കാരും കാണിച്ചാൽ ഭാരതപ്പുഴയെ വീണ്ടെടുക്കാം.