കോന്നി : പരാധീനതകളേറെയാണ് കോന്നി മിനി സിവിൽ സ്റ്റേഷന്. കെട്ടിടം നിർമ്മിച്ചത് അടുത്തകാലത്താണെങ്കിലും ചോർച്ച ഉൾപ്പടെ പ്രശ്നങ്ങൾ നിരവധി. കോന്നി ടൗണിന് സമീപം ആനക്കൂട് റോഡരികിലാണ് മിനി സിവിൽ സ്റ്റേഷൻ. അക്ഷരങ്ങൾ മാഞ്ഞ് ബോർഡ് പോലും വായിക്കാനാവില്ല.
താലൂക്ക് ഓഫീസ്, എ.ഇ.ഒ.ഓഫീസ്, രജിസ്ട്രാർ ഓഫീസ്, വാട്ടർ അതോറിട്ടി ഓഫിസ്, സബ് ട്രഷറി തുടങ്ങിയ പ്രധാനപ്പെട്ട ഓഫീസുകൾ ഈ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് .പൊതുമരാമത്ത് (കെട്ടിടവിഭാഗം) പത്തനംതിട്ട ഓഫീസാണ് അറ്റകുറ്റപ്പണികൾ നടത്തേണ്ടത് .
മഴ, മഴ.. കുട, കുട
മഴ പെയ്താൽ ചോർന്നൊലിക്കുന്ന ഓഫീസുകളാണ് ഏറെയും. ഷെയ്ഡുകൾ ഇല്ലാത്തതിനാൽ മഴവെള്ളം ജനാലകളിലുടെയും വാതിലുകളിലൂടെയും ഓഫീസുകൾക്കുള്ളിൽ കയറുന്നു. ഇതിന് പുറമെയാണ് ചോർച്ച. മഴ പെയ്താൽ കുടപിടിക്കേണ്ട ഗതികേടിലാണ് ഉദ്യോഗസ്ഥർ. ശുചിമുറികളിലെ പൈപ്പുകൾ പൊട്ടി വെള്ളം പുറത്തേക്കൊഴുകുകയാണ്.
സാറ്റ് കളിച്ച് വൈദ്യുതി
തുടർച്ചയായുള്ള വൈദ്യുതി മുടക്കം ഓഫീസുകുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. വൈദ്യുതി മുടങ്ങിയാൽ ഉപയോഗിക്കാൻ ജനറേറ്റർ ഉണ്ടെങ്കിലും മിക്കപ്പോഴും തകരാറിലായിരിക്കും. പ്രത്യേക ട്രാൻസ്‌ഫോർമർ സ്ഥാപിച്ച് വൈദ്യുതി ഇവിടേക്ക് ഉപയോഗിക്കുന്നുണ്ടെങ്കിലും കെട്ടിടത്തിലെ വയറിംഗിലെ അപാകതകൾ മൂലം ഷോർട്ട് സർക്യൂട്ട് പതിവാണ്. ദിവസങ്ങളോളം വൈദ്യുതി ഇല്ലാതിരുന്നിട്ടുണ്ട്.
വഴിയറിയാതെ..
മലയോര മേഖലകളിൽ നിന്ന് താലൂക്ക് ആസ്ഥാനത്ത് വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന സാധാരണക്കാർക്ക് വഴിയറിയാനും മാർഗമില്ല. സെൻട്രൽ ജംഗ്ഷനിലോ, മറ്റ് പ്രധാന റോഡുകളിലോ മിനി സിവിൽ സ്റ്റേഷന്റെ ദിശാബോർഡുകൾ സ്ഥാപിക്കണമെന്നത് ഏറെ നാളായുള്ള ആവശ്യമാണ്. സി വിൽ സ്റ്റേഷന്റെ അറ്റകുറ്റപ്പണികൾ നടത്തി ബോർഡുകൾ സ്ഥാപിക്കാൻ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ജീവനക്കാരും ആവശ്യപ്പെടുന്നു.